മെഡിക്കൽ വിദ്യാർഥികളെ കൊണ്ട് 'ചരകശപഥം' ചൊല്ലിപ്പിച്ചു; മധുര മെഡിക്കൽ കോളജ് ഡീനിനെ പുറത്താക്കി
text_fieldsചെന്നൈ: മെഡിക്കൽ വിദ്യാർഥികൾ സ്വീകരിക്കുന്ന 'ഹിപ്പോക്രാറ്റിക് പ്രതിജ്ഞ'ക്ക് പകരം സംസ്കൃതത്തിലുള്ള 'ചരകശപഥം' ചൊല്ലിപ്പിച്ച സംഭവത്തിൽ മധുര മെഡിക്കൽ കോളജിലെ ഡീനിനെ പുറത്താക്കി തമിഴ്നാട് സർക്കാർ. ഡീൻ എ. രത്നവേലിനെയാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. രണ്ട് സംസ്ഥാന മന്ത്രിമാർ പങ്കെടുത്ത ചടങ്ങിൽ വിദ്യാർഥികൾ സംസ്കൃതത്തിൽ ചരകശപഥം ചൊല്ലിയത് വിവാദമായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി എം. സുബ്രമണ്യൻ വ്യക്തമാക്കി. ഏറെക്കാലമായി തുടർന്നുവന്ന രീതികൾ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കും. പരമ്പരാഗതമായ ഹിപോക്രാറ്റിക് പ്രതിജ്ഞ തന്നെ തുടരാൻ എല്ലാ മെഡിക്കൽ കോളജുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിക്കല്‍ വിദ്യാര്‍ഥികൾ ചൊല്ലുന്ന 'ഹിപ്പോക്രാറ്റിക് പ്രതിജ്ഞ' (Hippocratic Oath) ഒഴിവാക്കി ഇന്ത്യന്‍ പാരമ്പര്യം അനുശാസിക്കുന്ന തരത്തില്‍ 'മഹര്‍ഷി ചരക് ശപഥ്' ചൊല്ലാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയ മെഡിക്കല്‍ കമ്മീഷൻ നിർദേശിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. ആധുനിക വൈദ്യശാസ്ത്രത്തിന് ഉതകുന്ന തരത്തിലുള്ളതല്ല 'മഹര്‍ഷി ചരക് ശപഥ്' എന്ന പ്രതിജ്ഞയെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടിയത്.
2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് രൂപം നല്‍കിയ പ്രതിജ്ഞ, 1948ല്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ പരിഷ്‌കരിക്കുകയും ജനീവ പ്രഖ്യാപനം എന്ന പേരില്‍ ലോകത്തെമ്പാടുമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. പലപ്പോഴായി കാലികമായ മാറ്റങ്ങള്‍ വരുത്തി എഴു പ്രാവശ്യം ജനീവ പ്രഖ്യാപനം പുതുക്കിയിട്ടുമുണ്ട്. 2017-ല്‍ പുതുക്കിയ പ്രതിജ്ഞാ വാചകങ്ങളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.