പ്രിയ മോദിജി, ഇൗ ജന്മദിനത്തിലെങ്കിലും നേര് പറയൂ... (വിഡിയോ)
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനമാണ്. ബി.ജെ.പി പ്രവർത്തകർ നാടാകെ കൊണ്ടാടുന്ന ദിവസം. ഇത്തവണ കോവിഡ് കാരണം ആഘോഷങ്ങൾക്ക് മാറ്റുകുറയുമെങ്കിലും പ്രവർത്തകർക്കും ഭക്തർക്കും ഇൗ ദിവസം ആഘോഷിക്കാതെ ഇരിപ്പുറക്കില്ല.
സാധാരണ പിറന്നാൾ ദിനങ്ങളിൽ എല്ലാവരും നല്ലതുമാത്രം പറഞ്ഞ് ആശംസകൾ നേർന്ന് സ്നേഹവും സന്തോഷവും പങ്കിടും. എന്നാൽ ഇത്തവണത്തെ കുറച്ച് വ്യത്യസ്തമാക്കാം. ചിലത് ചിന്തിക്കാനും മനസിലാക്കാനും കൂടി ഉള്ളതാകെട്ട ഇത്തവണത്തെ മോദിയുടെ പിറന്നാൾ ദിനം.
സമീപകാലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയും GDPയുടെ തകര്‍ച്ചയും ഒക്കെയായി നമ്മൾ ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പക്ഷേ നമ്മുടെ പ്രധാനമന്ത്രി ഇപ്പോഴും മനംമയക്കുന്ന വാഗ്ദാന നുണകളുടെ പിന്നാലെയാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച, ലോകം ഉറ്റുനോക്കുന്ന കോവിഡ് പ്രതിരോധം, പാവങ്ങൾക്കുവേണ്ടിയുള്ള സ്പെഷൽ പാക്കേജ്... എണ്ണിയാൽ തീരില്ല അതൊന്നും. കഴിഞ്ഞ വർഷത്തോടെ നമ്മുടെ സമ്പദ് വ്യവസ്ഥ ഏകദേശം നടുവൊടിഞ്ഞ അവസ്ഥയിലായിട്ടുണ്ട്. പക്ഷേ വീരവാദങ്ങൾക്കുമാത്രം ഒരു കുറവുമില്ല. ഇത്തവണ നമ്മൾ മോദിജിയുടെ സ്വപ്ന വാഗ്ദാനങ്ങളുടെ നേരറിയാനുള്ള ശ്രമമാണ്. എണ്ണിത്തുടങ്ങാം...
കുറച്ച് ക്ഷീണമുണ്ടെങ്കിലും ജി.ഡി.പിയിൽ നമ്മൾ യു.എസിനേക്കാൾ മുന്നിലാണെന്നാണ് കേന്ദ്രസർക്കാരും ബി.ജെ.പിയും പറയുന്നത്. ആണോ?
കേൾക്കാൻ നല്ല രസമുണ്ട്. എന്താണ് ജി.ഡി.പി? ഒരു രാജ്യത്ത് ഒരു വർഷം ഉൽപ്പാദിപ്പിക്കുന്ന അന്തിമ ചരക്ക് സേവനങ്ങളുടെ ആകെ വിപണിമൂല്യമാണ് ജി.ഡി.പി. 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യം 40 വർഷത്തിനിടെ നേരിട്ട ഏറ്റവും വലിയ തകർച്ചയാണ് ഉണ്ടായത്. എന്നാൽ , യു.എസും കാനഡയുമൊന്നും നേരിടുന്ന പ്രതിസന്ധിയുടെ അത്ര രൂക്ഷമല്ല ഇന്ത്യയുടെ സാമ്പത്തിക തകർച്ചയെന്നും ഏറ്റവും അധികം തകർച്ച നേരിടുന്ന രാജ്യങ്ങൾ യു.എസും ബ്രിട്ടനും ജപ്പാനുമെല്ലാം ആണെന്നുമാണ് മോദിയും കൂട്ടരും പറയുന്നത്. പിൻബലത്തിനായി ചില കണക്കുകളും ബി.ജെ.പി വൃത്തങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ആ കണക്കുകൾ ഇങ്ങനെയാണ്. കാനഡയിൽ മൈനസ് 38.7 ശതമാനം ജി.ഡി.പി ഇടിവ്, യു.എസിൽ മൈനസ് 32.9, ജപ്പാൻ മൈനസ് 27.8, ഇന്ത്യ മൈനസ് 23.9, യു.കെ മൈനസ് 20.4. വേറെയും വന്നു കുറേ ഗ്രാഫുകൾ.
എന്നാൽ ഇതാണോ യഥാർഥ കണക്ക്, അല്ല. ഇവർ ഉന്നയിക്കുന്ന വാദത്തിെൻറ യഥാർഥ വസ്തുത മനസിലാകണമെങ്കിൽ യു.എസിൻെറയും ഇന്ത്യയുടെയുമെല്ലാം ജി.ഡി.പി കണക്കുകൂട്ടലിെൻറ വ്യത്യാസത്തിലേക്കും പോകണം.
അമേരിക്കയുടെ ജി.ഡി.പി കണക്കുകൂട്ടുന്നതെങ്ങനെയെന്നു നോക്കാം. ഒരു സാമ്പത്തിക വർഷത്തിലെ മൂന്നുമാസമുള്ള ഒരു പാദത്തിലെ ജി.ഡി.പി കണക്കുകൂട്ടിയ ശേഷം തൊട്ടുമുമ്പത്തെ പാദവുമായി താരതമ്യം ചെയ്യും. ശേഷം അത് ഒരു വർഷത്തെ കണക്കാക്കി മാറ്റും. അത്തരത്തിൽ നോക്കുേമ്പാൾ യു.എസിെൻറ ജി.ഡി.പിയിൽ 32.9 ശതമാനം ഇടിവ് കാണാനാകും. എന്നാൽ ഇയർ ടു ഇയർ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ. 2020-21 സാമ്പത്തിക വർഷത്തിലെ ആദ്യ പാദമായ ഏപ്രിൽ മുതൽ ജൂൺ വരെയുള്ളത് താരതമ്യം ചെയ്യുക 2019-20 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കണക്കുകളുമായാണ്. അത്തരത്തിൽ കൂട്ടുേമ്പാൾ ഇന്ത്യക്ക് 23. 9 ശതമാനം ഇടിവ് മാത്രമേ കാണാനാകൂ. എന്നാൽ ഇന്ത്യയെപ്പോലെ അമേരിക്കയുടെ ജി.ഡി.പി കണക്കൂട്ടിയാൽ അവരുടെ ഇടിവ് വെറും 9.1 ശതമാനം മാത്രമാകും. ഇത് പറയുന്നത് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് തന്നെയാണ്. ജി 20 രാജ്യങ്ങളിൽ ഏറ്റവും അധികം തകർച്ച നേരിടുന്നത് ഇന്ത്യയാണെന്നും അവർ വ്യക്തമാക്കുന്നുണ്ട്. ആ കണക്കിൽ ഇന്ത്യയുടെ ഇടിവ് 25.6 ശതമാനമാകും. യു.എസിേൻറത് 9.1 ഉം.
യു.എസിനെയും ബ്രിട്ടനെയുമൊക്കെ തകർത്തത് കോവിഡ് പ്രതിസന്ധിയും ലോക്ഡൗണുമൊക്കെയാണ്. പക്ഷേ ഇന്ത്യയെ തകർത്തത് ഈ ലോക്ഡൗൺ മാത്രമാണോ. അതറിയാൻ കുറച്ച പഴയ കണക്കുകൾ നോക്കേണ്ടി വരും. നോട്ടുനിരോധനത്തിൽ തുടങ്ങി, ജി.എസ്.ടി, സ്വകാര്യവൽക്കരണം, തൊഴിലില്ലായ്മ അങ്ങനെ രാജ്യം നേരിടുന്ന പ്രതിസന്ധികളൊക്കെ മുന്നിൽ വരിവരിയായി നിൽക്കും, അന്ന് ബാങ്കുകൾക്ക് മുന്നിൽ നമ്മൾ വരിനിന്നില്ലേ, അതുപോലെ...
50 ദിവസംകൊണ്ട് എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞിരുന്നു
''നിങ്ങൾ എനിക്ക് 50 ദിവസം തരൂ. എെൻറ തീരുമാനം തെറ്റാണെങ്കില്‍ നിങ്ങള്‍ക്കെന്നെ തൂക്കിലേറ്റാം''
നോട്ടു നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ നെട്ടോട്ടമോടുേമ്പാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണ് ഇത്. നോട്ട് നിരോധിക്കുന്നതോടെ കള്ളപ്പണം ഇല്ലാതാകുമെന്നും, തീവ്രവാദ ആക്രമണങ്ങള്‍ കുറയുമെന്നുമായിരുന്നു 2016 നവംബറിലെ ആ പ്രഖ്യാപനം.
കള്ളപ്പണം പിടിച്ചോ? എവിടെ... നോട്ട് നിരോധനത്തെ തുടർന്ന് അസാധുവായ 99 ശതമാനം നോട്ടുകളും റിസർവ് ബാങ്കിൽ തിരിച്ചെത്തിയതായി റിപ്പോർട്ട് പുറത്തുവന്നു.
ഇനി തീവ്രവാദത്തിെൻറ കാര്യം. ആഗോള ടെററിസ്റ്റ് ഡാറ്റാബേസ് അനുസരിച്ച് നോട്ടുനിരോധനത്തിെൻറ മുമ്പത്തെ വര്‍ഷം അതായത് 2015ല്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 387 പേർ. നോട്ട് നിരോധിച്ച ശേഷം 2016ല്‍ ഇത് 467 പേരായി. 2017ല്‍ 465. എസ്എ.ടി.പി റിപ്പോര്‍ട്ട് അനുസരിച്ച് 2018ല്‍ കശ്മീരില്‍ മാത്രം കൊല്ലപ്പെട്ടത് 451 പേർ. ഈ കാലയളവില്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊല്ലപ്പെട്ടത് 72 പേര്‍. എന്താണ് കുറയുമെന്ന് പറഞ്ഞത്?
കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗം ഇല്ലാതായി. 15 ലക്ഷത്തിലധികം പേര്‍ക്ക് തൊഴിൽ നഷ്ടപ്പെട്ടു. അസംഘടിതമേഖലയിലെ ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടി. ബാങ്കുകൾക്കുമുമ്പിൽ ക്യൂ നിന്ന് നൂറുകണക്കിനുപേർ മരിച്ചുവീണു. വേറെ ഒന്നുമുണ്ടായില്ല... ഇവിടെ മുതൽ തുടങ്ങുന്നു സാമ്പത്തികരംഗത്തിെൻറ കൂപ്പുകുത്തൽ.
പിന്നെ ജി.എസ്.ടി വന്നു, എല്ലാം ലളിതമാക്കാൻ എന്ന 'പേരിൽ'
ജി.എസ്.ടി നല്ലതാണ്, അത് വേണ്ട വിധത്തിൽ നടപ്പാക്കിയാൽ. പക്ഷേ ലളിതവും സുതാര്യവുമായ നികുതി സംവിധാനമെന്ന നിലയിൽ രാജ്യത്ത് യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ നടപ്പാക്കിയ ഏകീകൃത ചരക്ക് സേവന നികുതി നാലുവർഷം കഴിയുേമ്പാഴും ഉയർത്തികൊണ്ടവന്ന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ കഴിയാതെ അന്തംവിട്ട് നിൽക്കുകയാണ്. വളരെ പ്രതീക്ഷയോടെ ബിസിനസുകാരും സാധാരണക്കാരും ഉറ്റുനോക്കിയ ജി.എസ്.ടി നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ ഇപ്പോഴും പിന്നോട്ടുേപാകുന്നു. ഓരോ ഘട്ടത്തിലും വിവിധ തരത്തിലുളള ഉത്തരവുകളിറക്കി 'ലളിതം സുന്ദരം' എന്നത് കൂടുതൽ സങ്കീർണമാക്കി. ജി.എസ്.ടി നെറ്റ്വർക്കിലെ പ്രശ്നങ്ങൾ ഇനിയും കാര്യക്ഷമമായി പ്രവർത്തിച്ച് തുടങ്ങിയില്ലെന്നതാണ് വാസ്തവം. ഇൻപുട്ട് ടാക്സ് ക്രഡിറ്റിെൻറ കൈമാറ്റം സുഗമമായി നടക്കുന്നില്ല. പരാതിയോ ആശങ്കകളോ ഉയരുേമ്പാൾ നികുതിദായകർക്ക് ആരെ സമീപിക്കണമെന്നുപോലും വ്യക്തമല്ല. കേന്ദ്രസർക്കാരിെൻറ അനിയന്ത്രിത കൈകടത്തലുകൾ വേറെയും.
കൊറോണയെ തോൽപ്പിക്കാൻ ചോദിച്ച 21 ദിവസം
'മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസം കൊണ്ടാണ്. കൊറോണക്കെതിരായ യുദ്ധം ജയിക്കാൻ 21 ദിവസം എടുക്കും.' 2020 മാർച്ച് 24ന് പ്രധാനമന്ത്രി ഒരു ജനതക്കുമുമ്പിൽ വെച്ച വാഗ്ദാനമായിരുന്നു അത്. അങ്ങനെ ജനജീവിതവും ഇന്ത്യയുടെ സമ്പദ്ഘടനയും നിശ്ചലമായി.
കൊറോണയെ എങ്ങനെ പ്രതിരോധിക്കാം എന്നതിന് മാർഗം തേടുന്നതിനുപകരം പാത്രം കൊട്ടാൻ ആഹ്വാനം ചെയ്യുകയാണ് പ്രധാനമന്ത്രി ചെയ്തത്. 21 ദിവസം പിന്നീട് മാസങ്ങള്‍ക്ക് വഴിമാറി. പ്രധാനമന്ത്രിയുടെ വാക്ക് പാഴായെന്ന് മാത്രമല്ല ലോകരാജ്യങ്ങളില്‍ വൈറസ് വ്യാപനത്തിൽ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. പക്ഷേ ഇപ്പോഴും പ്രധാനമന്ത്രി പറയുന്നത് കോവിഡിനെതിരായ നമ്മുടെ പ്രവർത്തനങ്ങൾ ലോകം ഉറ്റുനോക്കിക്കൊണിരിക്കുകയാണ് എന്നാണ്. കോവിഡ് പ്രതിരോധത്തിൽ മറ്റു രാജ്യങ്ങളേക്കാൾ നമ്മൾ ഒരുപാട് മുന്നിലാണെന്നാണ് അവകാശവാദവും. ഇൗ പോക്ക് പോയാൽ വൈകാതെ ഒന്നാം സ്ഥാനത്തെത്തും.
ആത്മനിർഭർ ഭാരത് ഉണ്ടല്ലോ, ഇനി പേടിക്കണ്ട കാര്യമില്ല
കോവിഡിെൻറ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളെല്ലാം തങ്ങളുടെ സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനായി സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും പ്രഖ്യാപിച്ചു 20 ലക്ഷം കോടിയുടെ ആത്മനിർഭർ ഭാരത് പാക്കേജ്. ധനമന്ത്രി നിർമല സീതാരാമൻ അത് വിശദീകരിക്കുകയും ചെയ്തു. ജി.ഡി.പിയുടെ 10 ശതമാനം വരുന്ന പാക്കേജ് എന്ന അവകാശം വാദം പാക്കേജ് അവതരിപ്പിച്ചപ്പോൾ തന്നെ സാമ്പത്തിക വിദഗ്ധർ പൊളിച്ചുകൈയിൽ കൊടുത്തു. 20ലക്ഷം കോടി എന്ന പ്രഖ്യാപനത്തിൽ പലതും മുൻ പദ്ധതികളായിരുന്നു. ഇതിൽ തൊഴിൽ ശക്തിയുടെ 90 ശതമാനം വരുന്ന അസംഘടിത മേഖലയിലെ പട്ടിണി പാവങ്ങളെ കൈയൊഴിഞ്ഞു. കേന്ദ്രത്തിെൻറ സർക്കസ് കളിയിൽ ഭക്തരെല്ലാം ഹാപ്പിയായി. പക്ഷേ പാവങ്ങൾ നടുവുംകുത്തി വീണു.
ഖനികളും പ്രതിരോധവും വൈദ്യുതിയും ടൂറിസവും ആരോഗ്യമേഖലയും വ്യോമയാനവും ശൂന്യാകാശ പര്യവേഷണവും എല്ലാം സ്വകാര്യ (വിദേശ)മേഖലക്ക് അടിയറവെച്ചു. കോവിഡിെൻറ മറവിൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ രാജ്യത്തെ പാവങ്ങൾക്ക് നൽകിയതാകട്ടെ അഞ്ചുകിലോ ധാന്യവും ഒരു കിലോ കടലയുംമാത്രം.
ലോക്ഡൗണിൽ നടന്നുതീർന്ന വഴിയിൽ ഈയാംപാറ്റകെളപ്പോലെ തളർന്നുവീണ കുടിയേറ്റ തൊഴിലാളികൾ അനുഭവിച്ച യാതന ആരും മറന്നുകാണില്ല. ഒൗറംഗബാദിലെ തീവണ്ടിപ്പാളത്തിൽ ചിതറിക്കിടന്ന ചപ്പാത്തിയുടെയും ഒരുകെട്ട് പഴംതുണിയുടെയും മനുഷ്യ ശരീരങ്ങളുടെയും മുകളിൽ ചവിട്ട് നിന്നാണ് മോദി ആത്മനിർഭർ ഭാരത് അവതരിപ്പിച്ചത്. എന്നിട്ട് അത് മുഴുവൻ നൽകിയത് കോർപറേറ്റുകൾക്കും.
വിറ്റുതുലക്കാൻ ഇനിയെന്ത് എന്നുമാത്രമാണ് കേന്ദ്രസർക്കാറിെൻറ നോട്ടം. രാജ്യത്തെ 93 ശതമാനം തൊഴിലാളികളും ജോലിചെയ്യുന്ന അസംഘടിത മേഖലയില്‍ ക്രയവിക്രയത്തിനുപയോഗിച്ചിരുന്ന കറന്‍സിയുടെ 86 ശതമാനവും ഒരൊറ്റ സര്‍ജ്ജിക്കല്‍ സ്ട്രൈക്കില്‍ തകിടം മറിഞ്ഞുപോയത് നമ്മളെല്ലാവരും കണ്ടതാണ്. ഇൗ നേതൃത്വത്തിെൻറ കൈയിൽ എത്രകാലം നമ്മുടെ സമ്പദ് വ്യവസ്ഥക്ക് പിടിച്ചുനിൽക്കാനാവും എന്ന് കണ്ടുതന്നെ അറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.