സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിലെ മരണം: ഇടക്കാല നിർദേശം സമർപ്പിക്കണമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: സ്വകാര്യ സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിന്റെ അടിയിലുള്ള നിലയിൽ വെള്ളം ഇരച്ചെത്തി മൂന്നുപേർ മരിച്ച സംഭവം അന്വേഷിക്കുന്ന ഉന്നത സമിതി ഇടക്കാല നിർദേശം സമർപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതിന് നാലാഴ്ച സമയം നൽകി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി സർക്കാറുകളോടും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. രാജ്യതലസ്ഥാന മേഖലയിലാകെ ഇത്തരം ദുരന്തങ്ങൾ തടയാൻ ഏകീകരിച്ച നടപടി വേണം. ആവശ്യമെങ്കിൽ രാജ്യത്തിനാകെ ബാധകമാവുന്ന രീതിയിൽ ഉത്തരവിടുമെന്നും ബെഞ്ച് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂലൈ 27ന് ഡൽഹി ഓൾഡ് രാജേന്ദ്ര നഗറിലെ ‘റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിളി’ലായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സ്ഥാപനത്തിന്റെ ലൈബ്രറി പ്രവർത്തിച്ച അടിയിലെ നിലയിലേക്ക് കനത്ത മഴയിലുണ്ടായ പ്രളയത്തിൽ വെള്ളം ഇരച്ചുകയറുകയായിരുന്നു. ഇതിൽ മലയാളിയായ നെവിൻ ഡെൽവിൻ എന്ന യുവാവുൾപ്പെടെ മൂന്നുപേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.