ഇൻഡോർ ക്ഷേത്രക്കിണറിന്റെ സ്ലാബ് തകർന്ന് അപകടം: മരണം 35 ആയി
text_fieldsഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രത്തിനുള്ളിലെ കിണറിന്റെ സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. ബലേശ്വർ മഹാദേവ ക്ഷേത്രത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. രാമ നവമി ആഘോഷത്തോടനുബന്ധിച്ചുണ്ടായ ഭക്തജനത്തിരക്കിനിടെയാണ് കിണർ മൂടിയ സ്ലാബ് തകർന്നുവീണത്. സ്ലാബിൽ കയറി നിൽക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തയിനിടയാക്കിയതെന്നാണ് കരുതുന്നത്.
അപകടത്തിൽ 35 പേർ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. 14 പേരെ രക്ഷിച്ചു. രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. മറ്റുള്ളവർ ആശുപത്രിയിൽ തന്നെ തുടരുകയാണ്. കാണാതായ ആളെ കണ്ടെത്താനുള്ള പരിശ്രമം തുടരുന്നുണ്ടെന്നും ജില്ലാ കലക്ടർ ടി. ഇളയ രാജ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30ന് തുടങ്ങിയ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ക്ഷേത്രം ഇൻഡോറിലെ സ്നേഹ് നഗറിലാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ കിണറിനു മുകളിൽ സ്ലാബിട്ട് അത് നിലം പോലെ ഉപയോഗിക്കാറുണ്ട്. എന്നാൽ ആഘോഷ ദിവസത്തിൽ 40 ലേറെ പേർ ആ സ്ലാബിൽ കയറിയാതാണ് അപകടത്തിനിടയാക്കിയത്. സ്ലാബ് തകർന്ന് 40 അടി താഴ്ചയുള്ള കിണറിലേക്കാണ് ആളുകൾ വീണത്.
കയറുകളും കോണികളും ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കു പുറമെ പൊലീസ്, ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.