മണിപ്പൂരിൽ വിദ്യാർഥികളുടെ കൊലപാതകം: പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ ലാത്തി ചാർജ്; വിദ്യാലയങ്ങൾ അടച്ചിട്ടു
text_fieldsഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ താഴ്‌വരയിൽ കാണാതായ രണ്ട് മെയ്തേയി വിദ്യാർഥികൾ കൊല്ലപ്പെട്ട നിലയിലുള്ള ചിത്രങ്ങൾ പുറത്തുവന്നതിനുപിന്നാലെ പ്രതിഷേധം ശക്തമാകുന്നു. ഫോട്ടോകൾ പ്രചരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇംഫാൽ ആസ്ഥാനമായുള്ള സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികൾ പ്രതിഷേധ റാലിയുമായി നിരത്തിലിറങ്ങി.
പ്രകടനക്കാർക്കുനേരെ പൊലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തി ചാർജും നടത്തി. 45ൽ അധികം വിദ്യാർഥികൾക്ക് ലാത്തിചാർജിൽ പരിക്കേറ്റു. എന്നാൽ, വിദ്യാർഥികളുടെ പ്രതിഷേധ റാലി സെക്രട്ടേറിയറ്റിലേക്ക് എത്തുന്നത് തടയാനാണ് ലാത്തി ചാർജ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിലെ എല്ലാ വിദ്യാലയങ്ങൾക്കും വെള്ളിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു.
ഹിജാം ലിന്തോയിംഗമ്പി (17), ഫിജം ഹേംജിത്ത് (20) എന്നീ വിദ്യാർഥികളെ ജൂലൈ ആറു മുതലാണ് കാണാതായിരുന്നത്. കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്ത് പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നത്. മണിപ്പൂരിൽ ഇന്‍റർനെറ്റ് പുനസ്ഥാപിച്ചതോടെ കുട്ടികളുടെ രണ്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
കാട്ടിൽ ഭയാശങ്കയോടെ കുട്ടികൾ ഇരിക്കുന്നതാണ് ഒരു ചിത്രത്തിലുള്ളത്. ഇവർക്ക് സമീപം ആയുധധാരികളുമുണ്ട്. നിലത്ത് കിടക്കുന്ന കുട്ടികളുടെ മൃതദേഹങ്ങൾ കാണിക്കുന്നതാണ് പുറത്തുവന്ന രണ്ടാമത്തെ ചിത്രം. ഒരു മൃതദേഹം തലയറുത്തെടുത്ത നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.