കർണാടകയിൽ ആദിവാസി മരിച്ച സംഭവത്തിൽ ദുരൂഹത
text_fieldsകൽപറ്റ: കർണാടകയിൽ കൂലിപ്പണിക്ക് പോയ ആദിവാസി യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാവലി ഷാണമംഗലം കോളനിയിലെ ബിനീഷിനെയാണ് കർണാടകയിലെ ബിരുണാണിയിൽ ജോലിസ്ഥലത്തിനടുത്ത ചെറിയ തോട്ടിൽ മരിച്ച നിലയിൽ ബുധനാഴ്ച കണ്ടെത്തിയത്. ബിനീഷിന്റെ ശരീരത്തിൽ മുറിവുണ്ടായിരുന്നതായി സഹോദരൻ മനോജ് ‘മാധ്യമ’ത്തോട് പറഞ്ഞു. നാലു ദിവസം മുമ്പ് ബിരുണാണിയിലെ കുടക് സ്വദേശിയുടെ കാപ്പിത്തോട്ടത്തിൽ വളമിടാനായി ബിനീഷിനെ കൊണ്ടുപോയ ആൾ തന്നെയാണ് മരിച്ച വിവരം ബാവലിയിലെ ഓട്ടോ ഡ്രൈവറെ അറിയിക്കുന്നത്.
വിവരമറിഞ്ഞ ഉടൻ തന്നെ സഹോദരനുൾപ്പെടെ കർണാടകയിലേക്ക് തിരിച്ചിരുന്നു. എന്നാൽ, ബന്ധുക്കൾ എത്തുന്നതിനു മുമ്പ് തന്നെ മൃതദേഹം ഗോണിക്കുപ്പ ആശുപത്രിയിലേക്ക് മാറ്റിയെന്നും അവിടെ ചെന്നപ്പോഴും കാണാൻ അനുവദിച്ചില്ലെന്നുമാണ് സഹോദരൻ പറയുന്നത്. പിറ്റേ ദിവസം 11ഓടെ പോസ്റ്റ്മോർട്ടത്തിന് തൊട്ടുമുമ്പാണ് മൃതദേഹം കാണാൻ അനുമതി ലഭിച്ചത്. ആ സമയത്ത് കണ്ണിന്റെ വശങ്ങളിലും ചെവിയിലും തലക്ക് പിറകിലും മുറിവ് കണ്ടതായാണ് സഹോദരനും സുഹൃത്തുക്കളും പറയുന്നത്. ചെവിയിലൂടെ ചോര ഒഴുകുന്നുമുണ്ടായിരുന്നു. ഒന്നര അടി മാത്രം വെള്ളമുള്ള തോട്ടിലാണ് മൃതദേഹം കിടന്നിരുന്നതെന്ന് വിഡിയോയിലും ഫോട്ടോയിലും വ്യക്തമാണ്. അത്രയും കുറച്ച് വെള്ളമുള്ള തോട്ടിൽ ബിനീഷ് എങ്ങനെ ആത്മഹത്യ ചെയ്യുമെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്.
ബിനീഷിനെ കൂലിപ്പണിക്ക് കൊണ്ടുപോയ വെള്ളഞ്ചേരി സ്വദേശിയെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. കൂടെ ജോലിക്കുപോയ വിജയൻ എന്നയാളെക്കുറിച്ചും വിവരമില്ല. അതേസമയം, ബിനീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് ശനിയാഴ്ച തിരുനെല്ലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ തങ്ങളുടെ പരിധിയിലല്ല എന്നു പറഞ്ഞു പരാതി സ്വീകരിക്കാൻ പൊലീസ് തയാറായില്ലെന്ന് സഹോദരൻ പറയുന്നു.
ശരീരത്തിൽ മുറിവ് കാണാനുണ്ടെന്ന് പറഞ്ഞപ്പോൾ അട്ട കടിച്ചതായിരിക്കുമെന്ന മറുപടിയാണ് അവർ നൽകിയത്. പിന്നീട് നിരവധി തവണ ആവശ്യപ്പെട്ടപ്പോഴാണ് പരാതി സ്വീകരിക്കാനും രസീത് നൽകാനും തയാറായത്. അതേസമയം, ബിനീഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് വാട്സ്ആപ്പിൽ അയച്ചുകൊടുക്കാമെന്ന് ശ്രീമംഗലം പൊലീസ് സ്റ്റേഷനിൽനിന്ന് അറിയിച്ചതായി മനോജ് പറഞ്ഞു. കർണാടകയിലേക്ക് ജോലിക്ക് പോകുന്ന വയനാട്ടിലെ ആദിവാസികൾക്കിടയിൽ മാസങ്ങൾക്കുള്ളിൽ നാലു ദുരൂഹ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2008 വരെ ഇത്തരം 122 ദുരൂഹ മരണങ്ങളുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കർണാടകയിലേക്ക് ജോലിക്ക് കൊണ്ടുപോകുന്ന ആദിവാസികളുടെ വിവരങ്ങൾ അതിർത്തികളിലും പൊലീസിലും കൃത്യമായി രജിസ്റ്റർ ചെയ്യണമെന്ന് 2007 ആഗസ്റ്റിൽ അന്നത്തെ ജില്ല കലക്ടർ ഉത്തരവിട്ടിരുന്നെങ്കിലും വർഷങ്ങൾ മാത്രമായിരുന്നു ഇതിന് ആയുസ്സ്. കർണാടകയിലെ പ്രത്യേകിച്ച് കുടകിലെ ഇഞ്ചിപ്പാടങ്ങളിൽ മദ്യവും മറ്റു ലഹരികളും നൽകി ആദിവാസികളെ പരമാവധി ചൂഷണം ചെയ്യുകയും കൂലിപോലും കൃത്യമായി നൽകാതെ എല്ലുമുറിയെ പണിയെടുപ്പിക്കുകയും സ്ത്രീകളെപ്പോലും കടുത്ത പീഡനത്തിന് ഇരയാക്കാറുമുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു.
എന്നാൽ, ഇതുസംബന്ധിച്ച് കൃത്യമായി അന്വേഷണം നടത്താൻ പോലും ഭരണകൂടം തയാറായിട്ടില്ല. അടിമകളെപ്പോലെയാണ് മുതലാളിമാർ പെരുമാറുന്നതെന്നും പ്രതികരിച്ചാൽ കടുത്ത പീഡനമാണ് ഏൽക്കേണ്ടിവരുകയെന്നുമാണ് അവിടേക്ക് പോയവരുടെ സാക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.