ഗാംബിയയിലെ കുട്ടികളുടെ മരണം; ഇന്ത്യൻ ചുമ മരുന്നു കമ്പനിയുടെ ഉൽപാദനം നിർത്തിവെപ്പിച്ചു
text_fieldsന്യൂഡല്‍ഹി: ആഫ്രിക്കയിലെ ഗാംബിയയിൽ 66 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയരുന്ന ഹരിയാന ആസ്ഥാനമായുള്ള ചുമ മരുന്ന് നിർമാതാക്കളായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മൊത്തം മരുന്ന് ഉൽപാദനം നിര്‍ത്തിവെപ്പിച്ചു.
മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഗുണമേന്മ പരിശോധനകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ഹരിയാന സർക്കാറിന്‍റെ നടപടി. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് വ്യക്തമാക്കി.
കൊൽക്കത്തയിലെ സെന്‍ട്രല്‍ ഡ്രഗ് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചതിനു പിന്നാലെ, കമ്പനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ മരുന്നുകൾ നിർമിക്കുന്നതിനും പരിശോധിക്കുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ലോഗ് ബുക്ക് കമ്പനി ഹാജരാക്കിയിട്ടില്ല. ചുമ മരുന്നിനായി ഉപയോഗിച്ച രാസവസ്തുക്കളുടെ ബാച്ച് നമ്പറുകൾ പരാമർശിച്ചിട്ടില്ല. കമ്പനി നൽകിയ ഉൽപാദന തീയതിയിലും പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് നിർമിച്ച പ്രൊമെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയിൽ വൃക്കകളെ സാരമായി ബാധിക്കുന്ന ഡൈതലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അമിതമായ അളവിൽ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയിൽ വ്യക്തമായെന്നാണ് ലോകാരോഗ്യ സംഘടന കേന്ദ്രത്തെ അറിയിച്ചത്.
മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയെ 2011ൽ ബിഹാർ സർക്കാറും 2014ൽ വിയറ്റ്നാം സർക്കാറും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. നിലവാരം കുറഞ്ഞ മരുന്നാണെന്ന് കണ്ടെത്തിയ കേരളം കമ്പനിക്ക് 2017ൽ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഉൽപന്നങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് മാനേജിങ് ഡയറക്ടർ നരേഷ് ഗോയൽ പറഞ്ഞു. ഗാംബിയ സർക്കാർ ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുകയാണെന്നും മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെ കളങ്കപ്പെടുത്തുന്നത് ദുഃഖകരമാണെന്നും ഗോയൽ പറഞ്ഞു.
ചുമ മരുന്നിനെക്കുറിച്ച് പഠിക്കാൻ നാലംഗ സമിതി
ന്യൂഡൽഹി: ആഫ്രിക്കയിലെ ഗാംബിയയിൽ 66 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയരുന്ന ഇന്ത്യൻ നിർമിത ചുമ മരുന്നിനെക്കുറിച്ച് പഠിക്കാനും ലോകാരോഗ്യ സംഘടനയുമായി വിവരങ്ങൾ പങ്കുവെക്കാനുമായി കേന്ദ്ര സർക്കാർ നാലംഗ വിദഗ്ധ സമിതി രൂപവത്കരിച്ചു.
ഡോ. വൈ.കെ. ഗുപ്ത, ഡോ. പ്രഗ്യ ഡി. യാദവ്, ഡോ. ആരതി ബഹ്ൽ, എ.കെ. പ്രധാൻ എന്നിവരാണ് സമിതി അംഗങ്ങൾ. ഹരിയാനയിലെ സോനിപത് ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ പ്രൊമെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവക്കെതിരെയാണ് ആരോപണം ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.