ഡൽഹി വ്യവസായിയുടെ മരണം: യുവതി പിടിയിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിലെ ലോഡ്ജിനുള്ളിൽ വ്യവസായി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് 29 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ ഉഷയെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ആളുകളെ ഹണി ട്രാപ്പ് ചെയ്ത് കൊള്ളയടിക്കുന്ന സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു.
അഞ്ജലി, നിക്കി, നികിത തുടങ്ങി നിരവധി അപരനാമങ്ങൾ ഉപയോഗിച്ചിരുന്ന ഉഷ, ആളുകളുമായി സൗഹൃദം സ്ഥാപിക്കുകയും ഹോട്ടലുകളിൽ കൊണ്ടുപോയി മയക്കുമരുന്ന് നൽകിയ ശേഷം കൊള്ളയടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ബൽജീത് ലോഡ്ജിലെ മുറിയിൽ വായിൽ നിന്ന് നുര വന്ന് മരിച്ച നിലയിലാണ് വ്യവസായിയായ ദീപക് സേത്തിയെ കണ്ടെത്തിയത്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചാണ് ദീപക് സേത്തി മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
53 കാരനായ ദീപക് സേത്തി മാർച്ച് 30ന് രാത്രി 9.30ന് ഉഷയ്‌ക്കൊപ്പം ഗസ്റ്റ് ഹൗസിൽ ചെക്ക് ഇൻ ചെയ്‌തിരുന്നു. 1100 രൂപയും ആഭരണങ്ങളുമായി യുവതി പുലർച്ചെ 12.24 ഓടെ മുറിയിൽ നിന്ന് പുറത്തിറങ്ങിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുളള യുവതിയുടെ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.
അന്വേഷണത്തിൽ, യുവതിയുടെ കോൺടാക്റ്റ് വിവരങ്ങളിൽ സംശയാസ്പദമായ നമ്പറുകൾ പൊലീസ് കണ്ടെത്തി. വ്യാജ രേഖകൾ ഉപയോഗിച്ച് മാർച്ച് 20 നാണ് നമ്പർ നൽകിയതെന്നും ചിഡെ എന്ന നൈജീരിയൻ പൗരനാണ് റീചാർജ് ചെയ്ത് കൊടുത്തതെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് ഉഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. 2022ൽ പാനിപ്പത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉഷ ജയിലിലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തി. ദീപക് സേത്തിയെ അറിയാവുന്ന മധുമിതയാണ് ഉഷയെ പരിചയപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ, സേത്തിയെ കൊല്ലാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഉഷ പൊലീസിനോട് പറഞ്ഞു. മുറിയിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ക്ഷമാപണകുറിപ്പ് എഴുതിയതായും ഉഷ മൊഴി നൽകി. 'നിങ്ങൾ ഒരു നല്ല വ്യക്തിയാണ്. ക്ഷമിക്കണം... ക്ഷമിക്കണം.... ക്ഷമിക്കണം. നിങ്ങളോട് ഇത് ചെയ്യാൻ ഞാൻ ഒരുപാട് നിർബന്ധിതയായി എന്ന് മനസിലാക്കുക. ഇതിൽ അങ്ങേയറ്റം ഖേദിക്കുന്നു'. എന്നാണ് കുറിപ്പിൽ ഉണ്ടായിരുന്നത്.
ഉഷയുടെ പക്കൽ നിന്ന് ഹോട്ടലിൽ നിന്ന് എടുത്ത ബാഗ്, സേത്തിയുടെ സ്വർണമോതിരം, മൊബൈൽ ഫോൺ, മറ്റ് സാധനങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.