കശ്മീരിൽ സൈനികരുടെ വീരമൃത്യു; ഡൽഹിയിൽ പ്രധാനമന്ത്രിക്ക് സ്വീകരണം
text_fieldsന്യൂഡൽഹി: കശ്മീരിൽ സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ച ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.ജെ.പി ആസ്ഥാനത്ത് സ്വീകരണമൊരുക്കിയതിനെ രൂക്ഷമായി വിമർശിച്ച് ഇൻഡ്യ സഖ്യകക്ഷികൾ. അനന്ത്നാഗ് ജില്ലയിലെ ഗരോൾ മേഖലയിൽ ബുധനാഴ്ച പുലർച്ചെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 19 രാഷ്ട്രീയ റൈഫിൾസിന്റെ കമാൻഡിങ് ഓഫിസർ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനാക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവർ വീരമൃത്യു വരിച്ചിരുന്നു. അന്ന് വൈകീട്ടുതന്നെയാണ് ജി20 ഉച്ചകോടിയുടെ വിജയത്തിന്റെ പേരിൽ മോദിക്ക് ബി.ജെ.പി സ്വീകരണം നൽകിയത്. മരിച്ച സൈനികന്റെ കുടുംബാംഗങ്ങൾ വിലപിക്കുന്ന വിഡിയോകൾ ഉൾപ്പെടുത്തി സമൂഹ മാധ്യമമായ എക്സിൽ കോൺഗ്രസ് വിമർശനം പോസ്റ്റ് ചെയ്തു.
മൂന്ന് സൈനിക ഉദ്യോഗസ്ഥർ വീരമൃത്യുവരിച്ചതിന്റെ ദുഃഖവാർത്ത വരുന്നതിനിടെയാണ് ബി.ജെ.പി ആസ്ഥാനത്ത് ‘ബാദ്ഷാക്ക്’ വേണ്ടി ആഘോഷം സംഘടിപ്പിച്ചതെന്ന് കോൺഗ്രസ് മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേര ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. എന്തു സംഭവിച്ചാലും പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത് നീട്ടിവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വീരമൃത്യു വരിച്ചവരുടെ ചെറിയ കുട്ടികളുടെ ചിത്രങ്ങൾ കാണുമ്പോൾ ഹൃദയം തകരുന്നതായി കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാറ്റെ പറഞ്ഞു. പുൽവാമയിൽ 40 ധീരന്മാരുടെ രക്തസാക്ഷിത്വത്തിന് ശേഷവും മോദി ഷൂട്ടിങ് നിർത്തിയില്ലെന്നും സുപ്രിയ പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്ത് പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണത്തിന്റെ വിഡിയോ ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് പ്രിയങ്ക ചതുർവേദിയും പങ്കിട്ടു. ഇത് മാറ്റിവെക്കാമായിരുന്നുവെന്ന് അവർ പറഞ്ഞു. ആർ.ജെ.ഡി നേതാവ് മനോജ് ഝായും വിമർശനവുമായി രംഗത്തെത്തി. പുൽവാമ ആക്രമണസമയത്ത്, എല്ലാം വൈകിയാണ് അറിഞ്ഞതെന്നായിരുന്നു ബി.ജെ.പിയുടെ ന്യായീകരണമെന്നും ഇത്തവണ രാവിലെ മുതൽ എല്ലാം അറിയാമായിരുന്നിട്ടും ഭരണകക്ഷിയും പ്രധാനമന്ത്രിയും ആഘോഷിക്കുകയായിരുന്നുവെന്നും ഝാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.