ആൾക്കൂട്ടാക്രമണത്തിന് വധശിക്ഷ; രാജ്യദ്രോഹ നിയമം പൂർണമായും ഒഴിവാക്കുമെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങൾ സംബന്ധിച്ച് പാർലമെന്റിൽ പ്രസ്താവന നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ക്രിമിനൽ നിയമങ്ങളിൽ ആൾക്കൂട്ടാക്രമണത്തിന് വധശിക്ഷയാണ് ശിപാർശ ചെയ്തിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹനിയമം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികളെ ദീർഘകാലം ജയിലിലിട്ടത് ഈ നിയമം ഉപയോഗിച്ചാണെന്നും അമിത് ഷാ പറഞ്ഞു.
രാജ്യദ്രോഹനിയമം ബ്രിട്ടീഷുകാരാണ് ഉണ്ടാക്കിയത്. ഇതുപ്രകാരം ബാലഗംഗാധര തിലകൻ, മഹാത്മ ഗാന്ധി, സർദാർ പട്ടേൽ തുടങ്ങി നിരവധി നേതാക്കൾക്ക് വർഷങ്ങളോളം ജയിൽ കഴിയേണ്ടി വന്നു. ഇതാദ്യമായി രാജ്യദ്രോഹനിയമം മുഴുവനായും ഒഴിവാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും ഷാ പറഞ്ഞു.ഇന്ത്യയിലെ ക്രിമിനൽ നീതി സംവിധാനത്തിന്റെ പൊളിച്ചെഴുത്താണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നീതിക്കാണ് പുതിയ ബില്ലിൽ കൂടുതൽ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതീയ ന്യായ സംഹിത ബിൽ 2023, ഭാരതീയ നാഗരിക് സുരക്ഷ സംഹിത ബിൽ 2023, ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നിവ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെയാണ് ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോൾ ഭേദഗതി വരുത്തിയ ബില്ലുകളാണ് ശൈത്യകാല സമ്മേളനത്തിനിടെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.