ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ: മമത സർക്കാർ ഇന്ന് ബിൽ അവതരിപ്പിക്കും
text_fieldsകൊൽക്കത്ത: ബലാത്സംഗ, കൊലപാതക കേസുകളിലോ ബലാത്സംഗ കേസുകളിലോ പ്രതികൾക്ക് വധശിക്ഷ നൽകുന്നതിനായി പശ്ചിമ ബംഗാൾ സർക്കാർ ‘അപരാജിത സ്ത്രീയും കുഞ്ഞും’ എന്ന പേരിലുള്ള ബിൽ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.
കഴിഞ്ഞ മാസം കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. സംസ്ഥാന നിയമമന്ത്രി മലയ ഘട്ടക് നിയമസഭയിൽ പുതിയ ബിൽ അവതരിപ്പിക്കും.
മുഖ്യമന്ത്രി മമത ബാനർജി ചൊവ്വാഴ്ച നിയമസഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
ഭാരതീയ ന്യായ് സൻഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 2023, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 എന്നിവക്കു കീഴിലുള്ള വ്യവസ്ഥകളിൽ ഭേദഗതികൾ ആവശ്യപ്പെടുന്ന ബിൽ ഇരയുടെ പ്രായം പരിഗണിക്കാതെ തന്നെ ബാധകമായിരിക്കും.
അത്തരം കേസുകളിൽ ജീവപര്യന്തം തടവ് എന്നത് നിശ്ചിത വർഷങ്ങളല്ല, മറിച്ച് കുറ്റവാളിയുടെ ജീവിതത്തിൻ്റെ അവശേഷിക്കുന്ന വർഷങ്ങളായിരിക്കുമെന്നും ബിൽ പറയുന്നു. സാമ്പത്തിക പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഉണ്ടാകും.
ബലാത്സംഗവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയം രണ്ടു മാസത്തിൽ നിന്ന് 21 ദിവസമായി കുറക്കും. കുറ്റപത്രം തയ്യാറാക്കുന്നത് മുതൽ ഒരു മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കും. കോടതി നടപടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും ബില്ലിൽ നിർദേശിക്കുന്നു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നവർക്കും സമാനമായ തടവ് വ്യവസ്ഥകളുണ്ട്.
എന്നാൽ നിയമസഭയിൽ ബിൽ പാസാക്കിയാലും കേന്ദ്ര നിയമങ്ങളിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനാൽ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണെന്ന് നിയമ വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.