എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഖത്തർ കോടതി ഇളവ് ചെയ്തു
text_fieldsന്യൂഡൽഹി: ചാരവൃത്തി കേസിൽ ഖത്തറിൽ തടവിൽ കഴിയുന്ന മലയാളിയുൾപ്പെടെ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് അപ്പീൽ കോടതിയുടെ ആശ്വാസവിധി. ഒക്ടോബർ 26ന് പ്രഥമ കോടതി വിധിച്ച വധശിക്ഷ, അപ്പീൽ കോടതി ഇളവു ചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശിക്ഷ ഇളവ് സംബന്ധിച്ചും ജയിൽ ശിക്ഷയുടെ വിശദാംശങ്ങൾക്കുമായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രഥമ കോടതിയുടെ വിധിക്കു പിന്നാലെ ഖത്തറിലെ ഇന്ത്യൻ എംബസി വഴി വിദേശകാര്യ മന്ത്രാലയം നയതന്ത്ര ഇടപെടലും നിയമനടപടികളും ശക്തമാക്കിയിരുന്നു. ഏതാനും ആഴ്ചകൾ മുമ്പാണ് ഇന്ത്യൻ സർക്കാർ നൽകിയ അപ്പീൽ കോടതി പരിഗണനക്കെടുത്തത്.
നാവികസേന മുന്‍ ഉദ്യോഗസ്ഥരായ ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റൻ ബീരേന്ദ്രകുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍മാരായ അമിത് നാഗ്പാല്‍, പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയായ നാവികന്‍ രാകേഷ് ഗോപകുമാര്‍ എന്നിവർ 2021 ആഗസ്റ്റിലാണ് ദോഹയിൽ അറസ്റ്റിലായത്.
നാവികസേനയില്‍നിന്ന് വിരമിച്ച ഇവര്‍ ഖത്തറിലെ അല്‍ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സല്‍ട്ടിങ് കമ്പനിയില്‍ ജോലിചെയ്തുവരുകയായിരുന്നു. ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യനീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രായേലിന് ചോര്‍ത്തിനല്‍കി എന്നതാണ് ഇവര്‍ക്കെതിരായ ആരോപണം. ഇന്ത്യന്‍ നാവികസേനയില്‍നിന്ന് വിരമിച്ചശേഷം, ഖത്തര്‍ നാവികസേനക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്‌റ ഗ്ലോബല്‍ കണ്‍സൽട്ടന്‍സി സര്‍വിസസിന്റെ ഭാഗമായാണ് ഇവര്‍ ദോഹയിലെത്തിയത്.
ദഹ്‌റ ഗ്ലോബല്‍ കേസില്‍ ശിക്ഷ ഇളവുചെയ്ത ഖത്തറിലെ അപ്പീല്‍ കോടതിയുടെ വിധിയുടെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഖത്തറിലെ അംബാസഡറും ഉദ്യോഗസ്ഥരും നാവികരുടെ കുടുംബാംഗങ്ങളും കോടതിയില്‍ സന്നിഹിതരായിരുന്നു. എല്ലാ നിയമസഹായങ്ങളും തുടര്‍ന്നും ലഭ്യമാക്കും. ഖത്തര്‍ അധികൃതരുമായി വിഷയം ചര്‍ച്ചചെയ്യുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കേസിന്റെയോ കോടതിവിധിയുടെയോ വിശദാംശങ്ങള്‍ ഇന്ത്യന്‍ എംബസിയോ ഖത്തർ അധികൃതരോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.