മേൽജാതിക്കാരുടെ വധഭീഷണി; സംഗീതജ്ഞ ദമ്പതികൾ ഒളിവിൽ
text_fieldsലഖ്നോ: മേൽജാതിക്കാരുടെ ഭീഷണിയും അതിക്രമങ്ങളും സഹിക്കാനാവാതെ അംബേദ്കറൈറ്റ് പാട്ടുകാരായ ദമ്പതികൾ ഒളിവുജീവിതത്തിൽ. സ്റ്റുഡിയോ കത്തിച്ച സവർണർ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് ഉത്തർ പ്രദേശിലെ ദലിത് സംഗീതജ്ഞരായ വിശാൽ ഗാസിപൂർ, സപ്ന ബൗദ് എന്നിവർ രണ്ടുവയസ്സുള്ള കുഞ്ഞുമൊത്ത് ഒക്ടോബർ അവസാനം മുതൽ ഒളിവിൽ കഴിയാൻ നിർബന്ധിതരായത്.
ഗാസിപൂരിലെ വിഷ്ണുപൂരിലുണ്ടായിരുന്ന ഇവരുടെ സ്റ്റുഡിയോ കത്തിച്ച സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും ആരെയും അറസ്റ്റു ചെയ്തിട്ടില്ല. സ്വകാര്യവത്കരണം, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ നൂറിലേറെ ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള ഇവർ ഏതാനും മാസം മുമ്പ് ഇറക്കിയ ഗാനങ്ങൾ ഏറെ ചർച്ചയായിരുന്നു.
പ്രധാനമന്ത്രിയെയും കേന്ദ്രഭരണത്തെയും രൂക്ഷമായ ഭാഷയിലാണ് ഇവർ വിമർശിച്ചത്. ഭരണഘടനസ്ഥാപനങ്ങളെ അട്ടിമറിക്കുന്നതിനോടുള്ള പ്രതികരണമായി ഒരു ഹിറ്റ്ലർ ജർമനിയെ നശിപ്പിച്ചു, ഇപ്പോളൊരു നുണയൻ ഇന്ത്യയെയും എന്നു തുടങ്ങുന്ന പാട്ട് ഇറക്കിയതോടെയാണ് ഭീഷണിവിളികൾ വന്നുതുടങ്ങിയത്. ഒക്ടോബർ 29ന് സ്റ്റുഡിയോ അഗ്നിക്കിരയാക്കി. പരാതി നൽകിയതോടെ വധഭീഷണികളായി. സുരക്ഷ തേടി മനുഷ്യാവകാശ കമീഷൻ, പട്ടികജാതി-വർഗ കമീഷൻ, ഡി.ജി.പി എന്നിവരെയെല്ലാം സമീപിച്ചെങ്കിലും ആശ്വാസ നടപടികളുണ്ടായില്ല.
അലഹബാദിൽനിന്ന് സംഗീതം അഭ്യസിച്ച് മുഖ്യധാര സംഗീതശാഖയിൽ പാടിത്തുടങ്ങിയ വിശാൽ ഡോ.അംബേദ്കറുടെ ചിന്താധാരയിൽ ആകൃഷ്ടനായാണ് സാമൂഹിക നീതി ആശയങ്ങളിലൂന്നിയ പാട്ടുകൾ മാത്രം പാടാനും പ്രചരിപ്പിക്കാനും തുടങ്ങിയത്. തങ്ങളുടെ പാട്ടുകളോട് എതിർപ്പുള്ളവരുമായി സംവാദത്തിന് തയാറാണെന്നും എന്നാൽ അക്രമമാർഗം അവലംബിക്കുന്നവരുമായി നീക്കുപോക്കിനില്ലെന്നും വിശാലും സപ്നയും പറയുന്നു. ആെരാക്കെ ഭീഷണിപ്പെടുത്തിയാലും ബാബാ സാഹേബിെൻറ ആശയം പ്രചരിപ്പിക്കുന്നതിൽനിന്ന് പിന്തിരിയില്ല എന്നുതന്നെയാണ് ഇരുവരുടെയും ഉറച്ച നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.