മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിലുള്ളവർ, ഏഴു കുട്ടികൾ ഉൾപ്പെടെ എട്ടു ജീവനെടുത്ത് അജ്ഞാത രോഗം; കേന്ദ്ര സംഘം കശ്മീരിലെ രജൗരിയിലേക്ക്
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ അജ്ഞാത രോഗം പിടിമുറുക്കുന്നു. 14 വയസിന് താഴെയുള്ള ഏഴുകുട്ടികളടക്കം എട്ടുപേരാണ് രോഗം പിടിപ്പെട്ട് മരിച്ചത്. രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തിൽ താമസിക്കുന്ന മുഹമ്മദ് റഫീഖിന്റെ മകൻ അഷ്ഫാഖ് അഹമ്മദ് എന്ന പന്ത്രണ്ടുകാരനാണ് ഏറ്റവും ഒടുവിൽ മരിച്ചത്.
ആറ് ദിവസത്തോളം ജമ്മു സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് അഷ്ഫാഖ് മരണത്തിന് കീഴടങ്ങിയത്. അഷ്ഫാഖിന്റെ സഹോദരികളായ ഏഴുവയസുകാരി ഇഷ്തിയാഖും അഞ്ചുവയസുള്ള നാസിയയും കഴിഞ്ഞ വ്യാഴാഴ്ചാണ് മരിച്ചത്.
മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിലെ രണ്ടു കുടുംബത്തിൽപെട്ടവരാണ്. 28 ഗ്രാമീണർക്ക് രോഗം ബാധിച്ചെങ്കിലും ജമ്മുവിലെയും രജൗരിയിലെയും ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരുൾപ്പെടെ എല്ലാവരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
ഏത് തരം രോഗമാണ് പടരുന്നത് എന്ന് മനസിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബയോസേഫ്റ്റി ലെവൽ 3 (ബിഎസ്എൽ-3) മൊബൈൽ ലബോറട്ടറി രജൗരിയിലേക്ക് അയച്ചിട്ടുണ്ടെന്നും അടിയന്തര ഇടപെടലായി ഒരു വിദഗ്ധ സംഘത്തെ കേന്ദ്രം രൂപീകരിച്ചിട്ടുണ്ടെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.