ആന്ധ്രപ്രദേശിലെ ഫാക്ടറി സ്ഫോടനത്തിൽ മരണം 17 ആയി
text_fieldsവിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അച്യുതപുരം പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാർമ യൂനിറ്റിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിലെ മരണസംഖ്യ 17 ആയി. സ്‌ഫോടനത്തിൽ 17 പേർ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത് രാസ ദ്രാവകത്തിന്റെ ചോർച്ചയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി അധികൃതർ അറിയിച്ചു.
എസ്സിയൻഷ്യ അഡ്വാൻസ്ഡ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിൽ നടന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് വിശാഖപട്ടണം ജില്ലാ കലക്ടർ എം.എൻ. ഹരേന്ദ്ര പ്രസാദ് പറഞ്ഞു. സ്‌ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും കൃത്യമായ കാരണം അന്വേഷണം പൂർത്തിയായ ശേഷമേ വ്യക്തമാകൂ. 12 മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കെ.ജി.എച്ചിലും ബാക്കി അഞ്ചു മൃതദേഹങ്ങൾ അനകപ്പള്ളി സർക്കാർ ആശുപത്രിയിലേക്കും മാറ്റി.
പരിക്കേറ്റവരിൽ 18 പേർ അനകപ്പള്ളിയിലെ ഉഷ പ്രൈം ആശുപത്രിയിലും ഏഴ് പേർ വിശാഖപട്ടണത്തെ മെഡിക്കോവർ ആശുപത്രിയിലും ചികിത്സയിലാണ്. ബാക്കിയുള്ള 10 പേരെ അച്യുതപുരത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അതേസമയം, മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മന്ത്രി കൊല്ലു രവീന്ദ്ര പറഞ്ഞു. കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെയാണ് റിയാക്ടർ പൊട്ടിത്തെറിച്ചത്. തീ അണയ്ക്കാൻ പത്തോളം അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. രണ്ട് ഷിഫ്റ്റുകളിലായി 391 തൊഴിലാളികളാണ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നത്. സ്ഫോടനം ഉച്ചഭക്ഷണ സമയത്തായതിനാൽ ജീവനക്കാരുടെ സാന്നിധ്യം കുറവായിരുന്നു. ഇത് മരണസംഖ്യ ഉയരാതിരിക്കാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.