‘ഫിൻജാൽ’ കെടുതിയിൽ തമിഴ്നാട്ടിൽ മരണം നാലായി; ചെന്നൈ വിമാനത്താവളം തുറന്നു, സർവീസ് വൈകാൻ സാധ്യത
text_fieldsചെന്നൈ: തമിഴ്നാട്ടിൽ വീശിയടിച്ച ‘ഫിൻജാൽ’ ചുഴലിക്കാറ്റിൽ മരണം നാലായി. ഇന്നലെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മൂന്നു പേർ മരിച്ചിരുന്നു. ശക്തമായ മഴയിലും വെള്ളപ്പൊക്കവുമാണ് മരണസംഖ്യ ഉയരാൻ കാരണം.
അതേസമയം, ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസ് പുനരാരംഭിച്ചു. പുലർച്ചെ നാലു മണിയോടെ വിമാന സർവീസ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സ്ഥിതി അനുകൂലമായതോടെ ഒരു മണിക്ക് സർവീസ് പുനരാരംഭിക്കുകയായിരുന്നു. ഭുവനേശ്വറിൽ നിന്നുള്ള വിമാനമാണ് ആദ്യം ഇറങ്ങിയത്. ഇരുപതിലധികം വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ 226 വിമാനങ്ങളാണ് ചുഴലിക്കാറ്റിനെ തുടർന്ന് റദ്ദാക്കിയത്.
ഇന്നലെ രാത്രി 11.30ഓടെ ചുഴലിക്കാറ്റ് പൂർണമായി കരയിൽ പ്രവേശിച്ചു. നിലവിൽ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി രൂപം മാറി. തമിഴ്നാട്ടിലെ വിഴുപ്പുരം, പുതുച്ചേരി, കണ്ണന്നൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. അതിനിടെ, തമിഴ്നാട്ടിലെ ആറു ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈ അടക്കം 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി വൈകി ചെന്നൈയിൽ റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളക്കെട്ട് നീക്കിയതോടെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനുകളിലേക്ക് ട്രെയിനുകൾക്ക് വരാനാവും. ആലപ്പുഴ-ധൻബാദ്, റപ്തി സാഗർ എക്സ്പ്രസുകൾ സാധാരണ നിലയിൽ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. മെട്രോ, റെയിൽ സർവീസുകൾ അഞ്ച് മണിക്ക് തുടങ്ങി.
ശനിയാഴ്ച ഉച്ചക്ക് ശേഷം ചുഴലിക്കാറ്റ് തീരത്തേക്ക് അടുത്തത്. പുതുച്ചേരി വഴിയാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്. ശക്തമായ കാറ്റിൽ പലയിടങ്ങളിലും വൈദ്യുതി തൂണുകളും മരങ്ങളും റോഡിൽ തകർന്നു വീണു. ചെന്നൈ നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചിരുന്നു.
വെള്ളപ്പൊക്കഭീഷണിയെ തുടർന്ന് സ്കൂളുകളും കോളജുകളും ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ചെന്നൈ നഗരത്തിലെ ഏഴ് അടിപ്പാതകൾ അടച്ചിട്ടു. നൂറുക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.