പശ്ചിമ ബംഗാളിൽ ഒരാഴ്ചക്കിടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് നാലു മുസ്ലിം യുവാക്കൾ; മർദനമേറ്റാണ് മരണമെന്ന് ബന്ധുക്കൾ
text_fieldsകൊൽക്കത്ത: ഒരാഴ്ചക്കിടെ പശ്ചിമ ബംഗാളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് നാലു മുസ്ലിം യുവാക്കൾ. പൊലീസ് മർദനമേറ്റാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. പാർഗനാസ് ജില്ലയിലെ ബരിയുപുർ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന അബ്ദുൽ രാജ്ജാക്, ജിയാഉൽ ലഷ്കർ, അഖബർ ഖാൻ, സെയ്ദുൽ മുൻസി എന്നിവരാണ് മരിച്ചത്.
വിവിധ കേസുകളിലായാണ് നാലുപേരെയും ജൂലൈ അവസാനം പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ചവർ കസ്റ്റഡിയിൽ ക്രൂര മർദനം നേരിട്ടിരുന്നതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ, ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. ഇവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. നാലുപേരും ജയിലിൽ ഒരേ സൗകര്യങ്ങളോടെയാണ് കഴിഞ്ഞിരുന്നതെന്നും ഇവരുടെ മരണം യാദൃശ്ചികം മാത്രമാണെന്നുമാണ് പൊലീസ് പറയുന്നത്. കസ്റ്റഡി മരണത്തിൽ പ്രതിഷേധം വ്യാപകമാണ്.
അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് (എ.പി.ഡി.ആർ) വിഷയത്തിൽ ഇടപെടുകയും വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കാനും തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ഏഴിന് കൊൽക്കത്ത ഹൈകോടതി അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഷ്ഫാഖ് അഹ്മദിന്‍റെ നേതൃത്വത്തിലുള്ള സംഘം നാലുപേരുടെയും കുടുംബങ്ങളെ സന്ദർശിച്ച് നിയമസഹായം വാഗ്ദാനം ചെയ്തു.
നാല് കേസുകളും പരസ്പരം സാമ്യമുള്ളതിനാൽ ഒറ്റ കേസാക്കി സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് അഷ്ഫാഖ് അറിയിച്ചു. നാലുപേരും വ്യത്യസ്ത കേസുകളിലാണ് അറസ്റ്റിലായതെന്നും മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ നേരത്തെ ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.