നിർഭയ കേസ്: ആരാച്ചാർ തിഹാർ ജയിലിലെത്തി
text_fieldsന്യൂഡൽഹി: നിർഭയ കൂട്ടമാനഭംഗ,കൊലപാതകക്കേസിലെ നാല് കുറ്റവാളികളേയും തൂക്കിക്കൊല്ലാൻ ഉത്തർപ്രദേശ് ജയിൽ വകുപ്പിൽ നിന്നുള്ള ആരാച്ചാർ വ്യാഴാഴ്ച ഉച്ചയോടെ ഡൽഹിയിലെ തിഹാർ ജയിലിൽ എത്തിയതായി റിപ്പോർട്ട്. മീററ്റ് സ്വദേശി പവൻ ജല്ലാഡ് ആണ് ആരാച്ചാരായി എത്തിയത്. വധശിക്ഷക്ക് തയാറാക്കിയ മൂന്നാം നമ്പർ ജയിലിനുള്ളിലെ ഒരുക്കങ്ങൾ നോക്കിക്കാണുകയും കയറുൾപ്പടെയുള്ള സജ്ജീകരണങ്ങൾ പരിശോധിക്കുകയും ചെയ്തു.
തൂക്കിക്കൊല്ലുന്ന ആളൊന്നിന് 15,000 രൂപ പ്രകാരം നാല് കുറ്റവാളികൾക്കും വധശിക്ഷ നടപ്പാക്കുന്നതിലൂടെ പവൻ ജല്ലാഡിന് 60,000 രൂപ പ്രതിഫലമായി ലഭിക്കുമെന്ന് മുതിർന്ന ജയിൽ ഓഫീസർ അറിയിച്ചു. നാല് പേർക്കും ഒരേസമയം വധശിക്ഷ നടപ്പാക്കുന്നതിന് സൗകര്യപ്പെടുത്തിയാണ് തൂക്കുമരം ഒരുക്കിയത്. നേരത്തേ ഒരേ സമയം രണ്ട് പേർക്ക് വധശിക്ഷ നടത്താനുള്ള സൗകര്യം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.
മീററ്റിലെ ലോഹ്യ നഗറിലെ കാശിറാം കോളനിയിൽ താമസിക്കുന്ന പവൻ ജില്ലാഡ് അഞ്ച് പെൺകുട്ടികളുടേയും രണ്ട് ആൺകുട്ടികളുടേയും പിതാവാണ്. പവൻ ജല്ലാഡിൻെറ പിതാവ് മമ്മു സിങ്, മുത്തച്ഛൻ കല്ലു ജല്ലാഡ് എന്നിവരും ആരാച്ചാർമാരായിരുന്നു. തൻെറ മുതുമുത്തച്ഛനും ബ്രിട്ടീഷ് ഭരണകാലത്ത് ആരാച്ചാരായിരുന്നുവെന്ന് പവൻ ജല്ലാഡ് നേരത്തേ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു.
കേസിൽ കുറ്റവാളികളാണെന്ന് കണ്ടെത്തിയ മുകേഷ് സിങ്(32), പവൻ കുമാർ ഗുപ്ത(25), അക്ഷയ് കുമാർ(31), വിനയ് ശർമ(26) എന്നിവരുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് നടപ്പാക്കും. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ 22ന് നടപ്പാക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, മുകേഷ് സിങ് ദയാഹരജി സമർപ്പിച്ചതിനെ തുടർന്ന് ഇത് നീട്ടിവെച്ചു. ഇയാളുടെ ദയാഹരജി രാഷ്ട്രപതി തള്ളിയതോടെയാണ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.
2012 ഡിസംബറിൽ തെക്കൻ ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർഥിനിയെ ഓടുന്ന ബസിൽ ആറംഗ സംഘം ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം ബസിന് പുറത്തേക്കെറിഞ്ഞു. അതിഗുരുതര പരിക്കുകളേറ്റ യുവതി 12 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. പ്രതികളിലൊരാളായ രാം സിങ് വിചാരണക്കിടെ തിഹാർ ജയിലിൽ തൂങ്ങിമരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.