ഡിസംബർ ആറ് ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം –മൻമോഹൻ സിങ്
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത 1992 ഡിസംബർ ആറ് മതനിരപേക്ഷ റിപ്പബ്ലിക്കിെൻറ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. മതനിരപേക്ഷത പരിപാലിക്കുകയെന്ന പ്രാഥമിക ദൗത്യം രാജ്യത്തെ നിയമസംവിധാനം വിസ്മരിക്കരുത്. രാഷ്ട്രീയ നേതൃത്വം, പൊതുസമൂഹം, മതനേതാക്കൾ എന്നിവർക്കെല്ലാം ഭരണഘടനയെ സംരക്ഷിക്കാനും മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനുമുള്ള ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ദേശീയ കൗൺസിൽ ഡൽഹിയിൽ സംഘടിപ്പിച്ച എ.ബി. ബർദൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുക ശ്രമകരമായ ദൗത്യമാണ്. നൂറ്റാണ്ടു പഴക്കമുള്ള ആചാരങ്ങളും മറ്റും പിന്തുടരുന്ന രാജ്യത്ത് സമത്വവും മതനിരപേക്ഷതയുമെല്ലാം നിലനിർത്താൻ കൂട്ടായ ശ്രമമാണ് വേണ്ടത്. ഭരണഘടന മൂല്യങ്ങളെയും രാജ്യത്തിെൻറ കെട്ടുറപ്പിനെയും ബാധിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും അവയെ നേരിടാനും എല്ലാവർക്കും സാധിക്കണം.
അക്ഷരങ്ങളിലൂടെയും മറ്റും ഭരണഘടന മൂല്യങ്ങൾ ഉയർത്തിക്കാട്ടാൻ മാധ്യമങ്ങളും ജനങ്ങളെ ബോധവാന്മാരാക്കുന്നതിലും അവർക്ക് അറിവു പകരുന്നതിലും രാഷ്ട്രീയ പാർട്ടികൾക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.