നോട്ട് പിൻവലിച്ചത് കടുപ്പമേറിയ ചായ പോലെ പാവപ്പെട്ടവർക്ക് ആസ്വാദ്യകരം: മോദി
text_fieldsന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍റെ തീരുമാനം കടുപ്പമേറിയ ചായ പോലെയാണ്. ചായക്കടക്കാരനായിരുന്ന കാലത്ത് താന്‍ ശീലിച്ചതു പോലെ. പാവപ്പെട്ടവര്‍ക്ക് കടുപ്പമേറിയ ചായയാണ് ഇഷ്ടം. പക്ഷേ പണക്കാര്‍ക്ക് ഇത് രുചിയുണ്ടാകില്ലെന്നും മോദി പറഞ്ഞു.
1000, 500 നോട്ട് പിൻവലിച്ചത് മൂലം സാധാരണക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ തനിക്ക് വലിയ വേദനയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ജോലികളിലും ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് ഒളിഞ്ഞുകിടപ്പുണ്ട്. എന്നാൽ ഈ തീരുമാനത്തിന് പിന്നിലുള്ള ലക്ഷ്യം നല്ലതായിരുന്നു എന്നും ഗാസിപൂരിൽ റെയിവെയുടെ പുതിയ പദ്ധതി അവതരിപ്പിച്ചുകൊണ്ട് സംസാരിക്കവെ മോദി പറഞ്ഞു.
ഇന്ത്യയിൽ പൈസക്ക് പഞ്ഞമില്ല. അത് മുഴുവൻ എവിടെ നിക്ഷിപ്തമായിരിക്കുന്നു എന്നതാണ് പ്രശ്നം. ബാങ്ക് ജീവനക്കാർ ജനങ്ങളെ സഹായിക്കാനായി 18-19 മണിക്കൂറുകളാണ് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് രാജ്യത്തെ ഒരു ജയിലാക്കി മാറ്റുകയായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
തന്റെ തീരുമാനം കള്ളപ്പണക്കാരുടെ ഉറക്കംകെടുത്തിയിരിക്കുകയാണ്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം പാവപ്പെട്ടവര്‍ക്ക് വലിയ സമാധാനമാണുണ്ടായത്. പക്ഷേ അന്ന് മുതല്‍ ഉറക്കഗുളിക വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് കള്ളപ്പണക്കാര്‍. രാജ്യത്തെ വഞ്ചിക്കുന്നവരെ ഒരു പാഠംപഠിപ്പിക്കാനുള്ള ദൗത്യമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും സഹകരിക്കണമെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.