കർണാടകയിലെ മറാത്തി മേഖലകളെ കേന്ദ്രഭരണ പ്രദേശമാക്കണം: ഉദ്ധവ് താക്കറെ
text_fields
മുംബൈ: കർണാടകയിൽ മറാത്തി ഭാഷക്ക് പ്രാമുഖ്യമുള്ള അതിർത്തി മേഖലകളായ ബെൽഗാം, കാർവാർ, നിപ്പനി തുടങ്ങിയ ഇടങ്ങളിൽ സംസ്ഥാന സർക്കാർ അക്രമം അഴിച്ചുവിടുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഈ പ്രദേശങ്ങളെ മഹാരാഷ്ട്രയിൽ ചേർക്കണമെന്ന വിഷയത്തിൽ സുപ്രീം കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുംവരെ കേന്ദ്ര ഭരണപ്രദേശമായി നിലനിർത്തണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു.
ഇരു സംസ്ഥാനങ്ങൾക്കുമിടയിലെ അതിർത്തി തർക്കങ്ങൾ സംബന്ധിച്ച് പുതുതായി പുറത്തിറങ്ങിയ പുസ്തകത്തിെൻറ ചടങ്ങിലാണ് പ്രകോപനം സൃഷ്ടിച്ചേക്കാവുന്ന പരാമർശം. ഈ മേഖലകളെ മഹാരാഷ്ട്രയുടെ ഭാഗമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനസംഖ്യയുടെ ഭൂരിപക്ഷവും മറാത്തി ഭാഷ സംസാരിക്കുന്ന ബെൽഗാം, കാർവാർ, നിപ്പനി തുടങ്ങിയ പ്രദേശങ്ങൾ കർണാടകയുടെതല്ലെന്നും തങ്ങളുടെതാണെന്നും മഹാരാഷ്ട്ര ഏറെയായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഈ വിഷയത്തിൽ കേസ് സുപ്രീം കോടതിയിൽ വർഷങ്ങളായി നിലനിൽക്കുന്നുമുണ്ട്.
''വിഷയത്തിൽ പരമോന്നത കോടതിയിൽ വാദം കേൾക്കൽ തുടരുേമ്പാഴാണ് കർണാടക സർക്കാർ ബെൽഗാമിെൻറ പേരുമാറ്റുന്നതും രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കുന്നതും ഒപ്പം പുതിയ നിയമസഭ മന്ദിരം പണിത് സഭ ചേരുന്നതും. ഇത് കോടതിയലക്ഷ്യമല്ലേ?''- താക്കറെ ചോദിച്ചു.
'കർണാടക അധിനിവേശം നടത്തിയ മറാത്തി ഭാഷക്കാരുടെ നാടുകൾ കേന്ദ്ര ഭരണപ്രദേശമാക്കി കോടതി വിധി വരുംവരെ മാറ്റണമെന്നും'' അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെ പ്രവർത്തിക്കുന്ന മഹാരാഷ്ട്ര ഏകീകരൺ സമിതിക്കെതിരെയും ശിവസേന നേതാവ് വിമർശനം ഉന്നയിച്ചു. സംഘടനക്ക് അര ഡസൺ എം.എൽ.എമാരെ ലഭിച്ചിരുന്നതായും ബെൽഗാം മേയർ മറാത്തി സംസാരിക്കുന്നയാളായിരുന്നുവെന്നും താക്കറെ പറഞ്ഞു.
'മഹാരാഷ്ട്ര- കർണാടക സീമാവാദ്- സംഘർഷ് ആനി സങ്കൽപ്' എന്ന 530 പേജുള്ള പുതിയ പുസ്തകം ദീപക് പവാർ ആണ് രചിച്ചത്. കഴിഞ്ഞ 64 വർഷമായി ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തിയായി നിലനിൽക്കുന്ന അതിർത്തി സംഘർഷം പുസ്തകം വരച്ചുകാട്ടുന്നു.
താക്കറെ നേരത്തെ നടത്തിയ സമാന പ്രതികരണങ്ങൾക്കെതിരെ കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ശക്തമായി രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.