'നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട നിഗൂഢത നിങ്ങൾക്കറിയാം, പുറത്തുവിടണം' -കേന്ദ്രത്തോട് മമത ബാനർജി
text_fieldsകൊൽക്കത്ത: നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട നിഗൂഢത കേന്ദ്രത്തിന് അറിയാമെന്നും അത് ജനങ്ങളുടെ മുമ്പാകെ പുറത്തുവിടണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാർഷികമായ ജനുവരി 23 ദേശീയ അവധിദിനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
'നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട നിഗൂഡതയെക്കുറിച്ച് നിങ്ങൾക്കറിയാം. രാജ്യത്തിനും പ്രത്യേകിച്ചും ബംഗാളിനും ഇക്കാര്യത്തിൽ സത്യം അറിയാൻ അവകാശമുണ്ട്. നേതാജിയുമായി ബന്ധപ്പെട്ട നിരവധി ഫയലുകളും വിവരങ്ങളും കേന്ദ്രത്തിനെ പക്കലുണ്ട്' -മമത പറഞ്ഞു.
തിരോധാനവുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങൾ നൽകാൻ ഞങ്ങൾ കേന്ദ്ര സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിരുന്നു. നേതാജിക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനും വിഷയം പൊതുമധ്യത്തിൽ അവതരിപ്പിക്കാനും കേന്ദ്രം തയ്യാറാവണം. മഹാനായ നേതാവിന് ഒടുവിൽ എന്താണ് സംഭവിച്ചതെന്ന് ആളുകൾക്ക് മനസ്സിലാവട്ടെ -അവർ പറഞ്ഞു.
'നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം ജന്മവാർഷികം ജനുവരി 23ന് ആഘോഷിക്കുകയാണ്. ദേശീയ നായകനും നേതാവുമായ അദ്ദേഹം ബംഗാളിന്‍റെ മഹാനായ പുത്രനാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരായ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്‍റെ പ്രതിരൂപവുമാണ്. എല്ലാ തലമുറകൾക്കും അദ്ദേഹം പ്രചോദനമാണ്' -മമത പറഞ്ഞു.
'നേതാജിയുടെ ജന്മദിനം ദേശീയ അവധിദിനമായി പ്രഖ്യാപിക്കാൻ ഞങ്ങൾ വളരെക്കാലമായി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നുണ്ട്. നിർഭാഗ്യവശാൽ നടപ്പായിട്ടില്ല, അദ്ദേഹത്തോട് ആദരസൂചകമായി ജനുവരി 23 ദേശീയ അവധിദിനമായി പ്രഖ്യാപിക്കണമെന്ന ഞങ്ങളുടെ അഭ്യർത്ഥന വീണ്ടും ആവർത്തിക്കുന്നു, -മമത ബാനർജി കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.