എം.പി മാർക്ക് ഫണ്ട് വകയിരുത്താൻ വയനാട് ഉരുൾപൊട്ടൽ വൻ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം -അമിത് ഷായോട് ശശി തരൂർ
text_fieldsന്യൂഡൽഹി: എം.പിമാർക്ക് അവരുടെ ഫണ്ട് അനുവദിക്കാൻ കഴിയുംവിധം വയനാട് ഉരുൾപൊട്ടലിനെ ഗുരുതരമായ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. അടിയന്തര സഹായം ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനായി എം.പിമാരുടെ ‘പ്രദേശിക വികസ പദ്ധതി മാർഗനിർദേശ’മനുസരിച്ച് ഇങ്ങനെ ചെയ്യണമെന്നാണ് ഷാക്ക് അയച്ച കത്തിലൂടെ തരൂർ ആവശ്യപ്പെട്ടത്. അതിലൂടെ ദുരന്തം ബാധിച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉദാരമായി ധനസഹായം നൽകാൻ പാർലമെന്റ് അംഗങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 30ന് അർധരാത്രി പിന്നിട്ട് കേരളത്തിലെ വയനാട് ജില്ലയിൽ വിനാശകരമായ ഉരുൾപൊട്ടലുണ്ടായി. നൂറിലധികം പേർക്ക് ജീവൻ നഷ്ടമായെന്നും എണ്ണമറ്റ ആളുകളെ കാണാതായതായും നിരവധി പേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നതായും തരൂർ കത്തിൽ അറിയിച്ചു. എത്രയോ പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു. സങ്കൽപ്പിക്കാനാവാത്ത ഈ ദുരന്തം മരണത്തിന്റെയും നാശത്തിന്റെയും വേദനാജനകമായ കഥകളാണ് അവശേഷിപ്പിച്ചത്.
സായുധ സേനയും തീരരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് ഏജൻസികളും ഉൾപ്പെടുന്ന രക്ഷാപ്രവർത്തനങ്ങളിലൂടെ പ്രകൃതിയുടെ വ്യതിയാനങ്ങൾക്കെതിരായ പോരാട്ടം തുടരുകയാണ്. മണ്ണിടിച്ചിലുകൾ എണ്ണമറ്റ ജീവിതങ്ങൾക്ക് നാശം വിതച്ചു. അതിനാൽ വയനാട്ടിലെ ജനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകേണ്ടത് വളരെ പ്രധാനമാണെന്നും തരൂർ കത്തിൽ ഊന്നിപ്പറഞ്ഞു.
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നുള്ള ഏകോപിതവും ഉദാരവുമായ പ്രതികരണം ആവശ്യമായി വരുന്നതാണ് ദുരന്തത്തിന്റെ തോത്.ഈ സാഹചര്യത്തിൽ, പാർലമെന്റ് അംഗങ്ങളെ അവരുടെ എം.പി ഫണ്ടിൽനിന്ന് ഒരു കോടി രൂപ വരെയുള്ള പ്രവൃത്തികൾ ശിപാർശ ചെയ്യാൻ അനുവദിക്കുന്ന MPLADS മാർഗനിർദേശങ്ങൾ അനുസരിച്ച് ഇതിനെ 'കടുത്ത പ്രകൃതിയുടെ ദുരന്തം' ആയി പ്രഖ്യാപിക്കണമെന്ന് ജൂലൈ 31നയച്ച കത്തിൽ തരൂർ ആവശ്യപ്പെട്ടു.
രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള കഠിനമായ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ ഇത് തീർച്ചയായും വിലമതിക്കാനാവാത്തതായിരിക്കുമെന്നും ഈ അഭ്യർത്ഥന ദയയോടെയും അനുകമ്പയോടെയും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തരൂർ പറഞ്ഞു.
പ്രാദേശികമായ ആവശ്യങ്ങളെ അടിസ്ഥാനമാക്കി വികസന പ്രവർത്തനങ്ങൾ നിർദേശിക്കാനും നടപ്പിലാക്കാനും എം.പിമാരെ പ്രാപ്തരാക്കുന്നതാണ് മെമ്പേഴ്‌സ് ഓഫ് പാർലമെന്റ് ലോക്കൽ ഏരിയ ഡെവലപ്‌മെന്റ് സ്‌കീം (MPLADS).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.