രാവിലെ ബജ്‌റംഗ്ദളിനെ കുറിച്ച് അന്വേഷിക്കാൻ എസ്.പി ഉത്തരവിട്ടു; രാത്രി എസ്.പിക്ക് സ്ഥലംമാറ്റം
text_fieldsസൗത്ത് ഗോവ പൊലീസ് സൂപ്രണ്ട് സുനിത സാവന്ത് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളക്കൊപ്പം
പനാജി: തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിനെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട എസ്.പിയെ മണിക്കൂറുകൾക്കകം സ്ഥലംമാറ്റി. മുതിർന്ന ബജ്‌റംഗ്ദൾ പ്രവർത്തകരെയും അംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ തിങ്കളാഴ്ച രാവിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വയർലെസ് സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയാണ് സൗത്ത് ഗോവ പൊലീസ് സൂപ്രണ്ട് സുനിത സാവന്തിനെ സ്ഥാനത്തുനിന്ന് നീക്കിയത്.
എസ്.പി തലത്തിലുള്ള സ്ഥലംമാറ്റ ഉത്തരവുകൾ സാധാരണയായി സംസ്ഥാന സർക്കാരാണ് പുറപ്പെടുവിക്കുക. എന്നാൽ, സാവന്തിനെ വയർലെസ് സന്ദേശം വഴിയാണ് ഗോവ പൊലീസ് സ്ഥലം മാറ്റിയത്.
സംഘ്പരിവാർ സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) യുവജന വിഭാഗമായ ബജ്‌റംഗ്ദളിലെ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് സമർപ്പിക്കണമെന് തിങ്കളാഴ്ച രാവിലെ സാവന്ത് പൊലീസ് സ്റ്റേഷനുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് വിവരം ശേഖരിക്കാൻ തുടങ്ങി. വിവരമറിഞ്ഞ ബജ്‌റംഗ്ദൾ പ്രവർത്തകർ എസ്.പിയെ സൗത്ത് ഗോവയിൽ നിന്ന് മാറ്റാൻ സംസ്ഥാന സർക്കാറിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നുവത്രെ. വൈകീട്ട് തന്നെ ഗോവ പൊലീസ് സൂപ്രണ്ട് സ്ഥാനം ഒഴിയാൻ സാവന്തിന് വയർലെസ് സന്ദേശം ലഭിച്ചു. തീരുമാനം അംഗീകരിച്ച് രാത്രി വൈകി സാവന്ത് വയർലെസ് വഴി തന്നെ മറുപടി സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ സാവന്തിന് നിർദേശം നൽകി.
2023 ജൂൺ പകുതി മുതലാണ് സംസ്ഥാനത്ത് പല വിഷയങ്ങളിലും ബജ്‌റംഗ്ദൾ ഇടപെട്ടുതുടങ്ങിയത്. ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ നീക്കം ചെയ്തതിനെതിരെ കലാൻഗുട്ടിൽ പരസ്യപ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2024 ജൂലൈയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിനെതിരെ ബജ്‌റംഗ്ദളുകാർ ദക്ഷിണ ഗോവ ജില്ല കോൺഗ്രസ് ഓഫിസിന് പുറത്ത് പ്രതിഷേധിച്ചു. വിദ്വേഷ പ്രാസംഗികനായ തെലങ്കാന എംഎൽഎ ടി രാജാ സിങ്ങിനെ പങ്കെടുപ്പിച്ച് കഴിഞ്ഞ മാസം ബജ്‌റംഗ്ദൾ ഗോവ വിഭാഗ് ശൗര്യ യാത്രാ പരിപാടി സംഘടിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.