തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യം കുറയുന്നു; വിഹിതവും -ധനമന്ത്രി
text_fieldsന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളുടെ ആവശ്യം കുറയുന്നുവെന്ന് കേന്ദ്രസർക്കാർ പാർലമെന്‍റിൽ. അതുകൊണ്ട് പദ്ധതി വിഹിതം സമീപകാലത്തായി കുറഞ്ഞുവരുകയാണെന്നും ധനമന്ത്രി നിർമല സീതാരാമൻ ഉപധനാഭ്യർഥന ചർച്ചകൾ ഉപസംഹരിക്കുമ്പോൾ വിശദീകരിച്ചു. നാണയപ്പെരുപ്പം ഇനിയും കുറയുമെന്നും വളർച്ച മുരടിപ്പ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ മുതൽ തന്നെ നാണയപ്പെരുപ്പം കുറയുന്നുണ്ട്. അതിനു പാകത്തിൽ സർക്കാർ സമയാസമയങ്ങളിൽ ഫലപ്രദമായ ഇടപെടൽ നടത്തുന്നുണ്ട്.പെട്രോളിന്‍റെ എക്സൈസ് തീരുവ കുറച്ചത്, ഗോതമ്പ് കയറ്റുമതി തടഞ്ഞത് തുടങ്ങിയവ ഉദാഹരണങ്ങളായി മന്ത്രി പറഞ്ഞു.ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും മറ്റു കറൻസികളുമായി തട്ടിച്ചു നോക്കുമ്പോൾ മൂല്യശോഷണം വളരെ കുറവാണ്.മറ്റു പല ഏഷ്യൻ കറൻസികളേക്കാൾ രൂപക്ക് മൂല്യസ്ഥിരതയുണ്ട്.
ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. മൗലാന ആസാദ് നാഷനൽ ഫെലോഷിപ് ഇക്കഴിഞ്ഞ മാർച്ച് 31വരെ ലഭിച്ചവർക്ക് ആനുകൂല്യം പൂർണമായി നൽകുമെന്നും ആർക്കും നിഷേധിക്കില്ലെന്നും മന്ത്രി പറഞ്ഞു.ഖജനാവിൽനിന്ന് 3.25 ലക്ഷം കോടി രൂപ അധികമായി ചെലവാക്കാൻ സർക്കാറിനെ അധികാരപ്പെടുത്തുന്ന ഉപധനാഭ്യർഥന പിന്നീട് ലോക്സഭ പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.