ഫൈസർ വാക്സിൻ സൂക്ഷിക്കേണ്ടത് മൈനസ് 70 ഡിഗ്രിയിൽ; ഇന്ത്യയില്‍ വെല്ലുവിളിയായേക്കുമെന്ന് എയിംസ്
text_fieldsന്യൂഡൽഹി: അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിൽ വില, സാറ്റോറേജ് വെല്ലുവിളികളുണ്ടെന്ന് വിദഗ്ധർ. മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കേണ്ടതുള്ളതിനാൽ ഇന്ത്യയിൽ ഇതിന്റെ വിതരണം പ്രായോഗികമാവില്ലെന്ന് എയിംസ് -ഡൽഹി ഡയറക്ടർ രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു.
"ഫൈസർ വാക്സിൻ -70% ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കേണ്ടതാണ്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിൽ ഈ താപനിലയുള്ള കോൾഡ് സ്റ്റോറേജ് ശൃംഖല ഒരുക്കൽ വെല്ലുവിളി സൃഷ്ടിക്കും. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ ആരോഗ്യ ദൗത്യങ്ങൾക്ക് വേണ്ടി ഈ താപനിലയിൽ വാക്സിൻ സൂക്ഷക്കുക എന്നത് വലിയ വെല്ലുവിളിയാണ്"-രൺദീപ് ഗുലേറിയ പറഞ്ഞു.
ഫൈസർ വാക്സിൻ കോവിഡിനെതിരേ 90% ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞതായുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് പ്രതീക്ഷ നൽകിയിരുന്നു. ജർമ്മനിയുടെ ബയൺടെക്കുമായി ചേർന്നാണ് യു.എസ് ഫാർമാ കമ്പനിയായ ഫൈസർ കോവിഡ് വാക്സിൻ വികസിപ്പിച്ചത്.
ആദ്യഘട്ട വാക്സിനേഷൻ സ്വീകരിക്കുന്നവർക്ക് നൽകേണ്ട നിശ്ചിത ഡോസ് വാകസിൻ സൂക്ഷിക്കാനാവശ്യമായ കോൾഡ് സ്റ്റോറേജുകളുടെ അപര്യാപ്തതയുണ്ടെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സാധാരണ ശീതികരണ സംവിധാനമുപയോഗിച്ച് അഞ്ച് ദിവസത്തേക്ക് മാത്രമേ വാക്സിൻ സൂക്ഷിക്കാനാകൂയെന്ന് ഫൈസർ കമ്പനി തന്നെ വ്യക്തമാക്കിയിരുന്നു. അതിനാലാണ് അതിശൈത്യ ശീതികരണ സംവിധാനം വേണ്ടി വരുന്നത്. വാക്സിൻ സൂക്ഷിക്കാനായി അമേരിക്കയിലെ ചില ആശുപത്രികൾ പ്രത്യേക ശീതീകരണ സംവിധാനം ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഫൈസർ വികസിപ്പിക്കുന്ന വാക്സിൻ mRNA വാക്സിൻ ആയതിനാൽ ചെലവേറിയതായിരിക്കുമെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ ഗഗൻദീപ് കാങ് ചൂണ്ടിക്കാട്ടി. "ഫൈസർ ഇനിയും വാക്സിൻ്റെ വില നിശ്ചയിച്ചിട്ടില്ല. പക്ഷേ, ഇന്ത്യയെ സംബസിച്ച് അത് വിലപിടിപ്പുള്ളതായിരിക്കും എന്നാണ് സൂചന'' -അദ്ദേഹം പറഞ്ഞു.
അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ അനുമതി ലഭിച്ചാൽ ഡിസംബർ അവസാനത്തോടെ അഞ്ച് കോടി ഡോസ് വാക്സിനും 2021ൽ 130 കോടി ഡോസും ലോകത്തിന് നൽകാനാകുമെന്നാണ് ഫൈസർ പ്രതീക്ഷിക്കുന്നതെന്ന് ചെയർമാനും സി.ഇ.ഒയുമായ ആൽബർട്ട് ബൗർല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.