ദീപ് സിദ്ദുവിന്റെ കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയതായി പൊലീസ്; അപകടം ഗൂഡാലോചനയെന്ന് സഹോദരൻ
text_fieldsവാഹനാപകടത്തിൽ കൊല്ലപ്പെട്ട പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദുവിന്റെ കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയതായി പൊലീസ്. നടന്റെ കാറുമായി കൂട്ടിയിടിച്ച ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് പറയുന്നു. ഹരിയാനയിലെ സോനിപത്തിൽ എക്സ്പ്രസ് വേയിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. ഡൽഹിയിൽനിന്ന് ഭട്ടിൻഡയിലേക്ക് പോകുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച കാർ ട്രക്കിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
ദീപ് സിദ്ദുവിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. എഫ്എസ്എൽ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് സിദ്ദുവിന്റെ സഹോദരനാണ് പരാതി നൽകിയത്. സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും സഹോദരൻ സുർജിത് പരാതിയിൽ പറയുന്നു. ദീപ് സിദ്ദുവിന് വധഭീഷണി ഉണ്ടായിരുന്നതായും അജ്ഞാത ഫോൺനമ്പരിൽ നിന്നാണ് സഹോദരൻ മരിച്ച വിവരം താൻ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കെഎംപി എക്‌സ്പ്രസ് വേയിൽ പിപ്ലി ടോളിന് സമീപം കാർ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അശ്രദ്ധയോടെ വാഹനമോടിച്ചതിന് ട്രക്ക് ഡ്രൈവർക്കെതിരേ കേസെടുത്തതായും ഇയാളെ തിരിച്ചറിഞ്ഞതായും സോനിപത് എസ്പി രാഹുൽ ശർമ പറഞ്ഞു.
സിദ്ദുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി കുടുംബത്തിന് വിട്ടുകൊടുത്തു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ മുഖ്യപങ്ക് ആരോപിച്ച് ദീപുവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെ സിദ്ദുവിന്‍റെ നേതൃത്വത്തിലാണ് ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്. ദീപുവിന്‍റെ നേതൃത്വത്തിൽ സമരം അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നതെന്ന് അന്ന് കർഷകർ ആരോപിച്ചിരുന്നു. 2015ൽ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദുവിൻറെ ചലച്ചിത്ര മേഖലയിലേക്കുള്ള പ്രവേശനം. പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.