ചിത്രകൂടിൽ ഹാട്രിക് തേടി ദീപക് ബൈജ്
text_fieldsശ്രീരാമൻ വനവാസകാലം ചെലവഴിക്കാൻ ദണ്ഡകാരണ്യ എന്നറിയപ്പെടുന്ന ദന്തേവാഡയിലേക്ക് കടന്നുപോയ പാത ചിത്രകൂടിലൂടെയാണെന്നാണ് രാമായണത്തിലുള്ളത്. സംസ്ഥാന സർക്കാർ പദ്ധതിയായ ‘രാമന്റെ പദയാത്ര ടൂർ’ കടന്നുപോകുന്നത് ഇതുവഴിയാണ്. ഇക്കാര്യം വ്യക്തമാക്കുന്ന ദിശാബോർഡുകൾ വഴിയിലുടനീളം കാണാം. ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന ചിത്രകൂട് വെള്ളച്ചാട്ടം എത്തുന്നതോടെയാണ് ഈ പാത അവസാനിക്കുന്നത്.
ഛത്തിസ്ഗഢ് സംസ്ഥാനം രൂപവത്കരിച്ചതിനുശേഷം 2003ലും 2008ലും ചിത്രകൂട് മണ്ഡലത്തിൽ ജയിച്ചത് ബി.ജെ.പിയായിരുന്നു. എന്നാൽ, ആദിവാസി നേതാവും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ദീപക് ബൈജിനെ രംഗത്തിറക്കി കോൺഗ്രസ് ഈ സീറ്റ് പിടിച്ചെടുത്തു.
രണ്ടു തവണ (2013, 2018) അദ്ദേഹം ഇവിടെനിന്ന് ജയിച്ചു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബസ്തറിൽ ജയിച്ചതോടെയാണ് ദീപക് ബൈജ് എം.എൽ.എ സ്ഥാനം രാജിവെച്ചത്. ലോക്സഭ മണ്ഡലങ്ങൾ ബി.ജെ.പി തൂത്തുവാരിയപ്പോൾ ബസ്തർ മാത്രമായിരുന്നു കോൺഗ്രസിന്റെ അഭിമാനം കാത്തത്.
വിനായക് ഗോയലാണ് ചിത്രകൂടിലെ ബി.ജെ.പി സ്ഥാനാർഥി. ഇക്കുറിയും മണ്ഡലം നഷ്ടപ്പെട്ടാൽ ചിത്രകൂട് കോൺഗ്രസിൽനിന്ന് തിരിച്ച് ലഭിക്കില്ലെന്ന ആശങ്ക ബി.ജെ.പി പ്രവർത്തകർക്കുണ്ട്.
പിന്നാക്ക വിഭാഗക്കാരെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കമായിരുന്നു ആദിവാസിയായ ദീപകിനെ പാർട്ടി സംസ്ഥാന അധ്യക്ഷ പദവിയിൽ എത്തിച്ചത്. മണ്ഡലത്തിൽ ഭൂരിപക്ഷമുള്ള ആദിവാസികൾക്കിടയിൽ ദീപക് ജനകീയനാണ്. വോട്ടുതേടിയുള്ള കോൺഗ്രസ് പ്രവർത്തകരുടെ യാത്രയിൽ ജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.
ചിത്രകൂടിലെ ഗ്രാമീണ ആഴ്ചച്ചന്തയിലുണ്ടായിരുന്ന ആദിവാസി വിഭാഗത്തിലെ പലർക്കും ദീപക് ബൈജിനെ മാത്രമേ അറിയൂ. ബീഡിയുണ്ടാക്കാൻ കാട്ടിൽനിന്നു ശേഖരിക്കുന്ന ഇലക്ക് സംഭരണവില ഏർപ്പെടുത്തി സർക്കാർ സഹായിച്ചത് ആദിവാസികൾ മറന്നിട്ടില്ല. എന്നാൽ, ആദിവാസി മതപരിവർത്തനം ചിലയിടങ്ങളിൽ വിഷയമാക്കാൻ ബി.ജെ.പിക്കായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.