ഡീപ്ഫേക്ക്: കർശന നിർദേശവുമായി സർക്കാർ
text_fieldsന്യൂഡൽഹി: ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ തടയുന്നതിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ എടുത്തുവരുന്ന നടപടികളുടെ പുരോഗതി വിലയിരുത്താൻ കേന്ദ്ര സർക്കാർ ഇവയുടെ രണ്ടാംഘട്ട യോഗം വിളിച്ചുചേർത്തു. ഇതുസംബന്ധിച്ച നിയമ നടപടികൾ കർശനമാക്കുമെന്നും പ്ലാറ്റ്ഫോമുകൾ നിർവഹിക്കേണ്ട കാര്യങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും സർക്കാർ നിർദേശിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ആളുകളെ തെറ്റിദ്ധരിപ്പിക്കാനോ ആൾമാറാട്ടം നടത്തുന്നതിനോ മീഡിയ ഉള്ളടക്കത്തിൽ നിർമിതബുദ്ധി ഉപയോഗിച്ച് ഡിജിറ്റലായി കൃത്രിമത്വം വരുത്തുന്നതിനെയാണ് ഡീപ്ഫേക്ക് എന്ന് നിർവചിച്ചിരിക്കുന്നത്. ഡീപ്ഫേക്കുമായി ബന്ധപ്പെട്ട് ഐ.ടി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ, ‘11 നിയമവിരുദ്ധ പ്രവർത്തനങ്ങൾ/ഉപയോക്തൃ ഹാനികര പ്രവൃത്തികൾ’ഇന്ത്യൻ പീനൽ കോഡിന്റെ പരിധിയിലേക്കും വരുമെന്നും അതിനാൽ നിലവിലെ നിയമങ്ങൾക്കു കീഴിൽതന്നെ ഇവ കുറ്റകരമാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമവിരുദ്ധമായത് ഏതെന്നും അല്ലാത്തത് ഏതെന്നും ഉപയോക്താക്കൾക്ക് വ്യക്തമായി മനസ്സിലാക്കാൻ തക്കവണ്ണം പ്ലാറ്റ്ഫോമുകൾ തങ്ങളുടെ നിയമാവലി ഒരുക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്.
വിഷയത്തിൽ നവംബർ 24ന് ആദ്യം യോഗംവിളിച്ച ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, ഐ.ടി നിയമങ്ങൾക്ക് അനുസരിച്ച് തങ്ങളുടെ നിയമാവലി ഏഴു ദിവസത്തിനകം പരിഷ്‍കരിക്കാൻ സമൂഹമാധ്യമ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പുരോഗതി വിലയിരുത്താനാണ് ഇന്നലെ യോഗം ചേർന്നത്. ചില പ്ലാറ്റ്ഫോമുകൾ തങ്ങളുടെ നിയമാവലി പരിഷ്‍കരിച്ചുവെങ്കിലും പൂർത്തിയാക്കാത്തവർക്ക് സമയം നീട്ടി നൽകി. ഒരാഴ്ചക്കുള്ളിൽ അന്തിമയോഗം ചേരും. വിഷയത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സർക്കാർ വ്യക്തമാക്കിയെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.