ദീപിക പാദുകോണിനെതിരെ വധഭീഷണി മുഴക്കിയ നേതാവ് വീണ്ടും ബി.ജെ.പിയിൽ
text_fieldsഗുഡ്ഗാവ്: ‘പത്മാവതി’ വിവാദത്തിന്‍റെ പേരിൽ നടി ദീപിക പാദുകോണിനെതിരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ രാജിവെച്ച ബി.ജെ.പി നേതാവ് സൂരജ് പാൽ അമുവിനെ പാർട്ടി തിരിച്ചെടുത്തു. ബി.ജെ.പി ഹരിനായ ഘടകമാണ് സൂരജ് പാലിന്‍റെ രാജി തള്ളി അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. തന്നോട് കുടുംബത്തിലേക്ക് തിരികെ വരാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബരല ആവശ്യപ്പെട്ടതായി സൂരജ് പാൽ മാധ്യമങ്ങളോട് പറഞ്ഞു.
പത്മാവതിലെ നായികയായ ദീപിക പദുക്കോണിന്‍റെ തലയെടുക്കുന്നവർക്ക് 10 കോടി വാഗ്ദാനം ചെയ്തുള്ള സൂരജ് പാലിന്‍റെ പ്രസ്താവന ബി.ജെ.പിക്കെതിരെ രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേതുടർന്ന് വിശദീകരണ നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ ബി.ജെ.പി മീഡിയ കോർഡിനേറ്റർ മേധാവി അടക്കമുള്ള പദവികളിൽ നിന്ന് 2017 നവംബറിൽ സൂരജ് പാൽ രാജിവെച്ചിരുന്നു.
രജ്പുത്ര രാജ്ഞി റാണി പത്മാവതിയെ കുറിച്ചുള്ള സിനിമയിൽ ഖിൽജി രാജവംശത്തിലെ അലാവുദ്ദീൻ ഖിൽജിയും പത്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങൾ ചിത്രീകരിച്ചിണ്ടെന്ന വാർത്തകളെ തുടർന്നാണ് രാജ്യത്ത് പ്രതിഷേധങ്ങൾ രൂപപ്പെട്ടത്. രജ് പുത്ര വിഭാഗം തുടങ്ങിയ പ്രതിഷേധം ഹിന്ദുത്വ ഗ്രൂപ്പുകൾ ഏറ്റെടുക്കുകയായിരുന്നു. റാണി പത്മാവതിയായി വേഷമിട്ട ദീപിക പദുക്കോണിെൻറയും സംവിധായകൻ സഞ്ജയ് ലീലാ ബെൽസാലിയുടെയും തലക്ക് 10 കോടി രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ദീപിക പദുകോണിനെ ജീവനോടെ കത്തിക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അഖില ഭാരതീയ ക്ഷത്രിയ മഹാസഭ (എ.ബി.കെ.എം) യുവജന വിഭാഗം നേതാവ് ഭുവനേശ്വർ സിങ്ങും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.