തോൽവി: കോൺഗ്രസ് പ്രവർത്തകസമിതി ഇന്ന്: രാജിക്കൊരുങ്ങി ഗാന്ധികുടുംബം
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുകളിലെ തകർച്ചയോടെ കൂടുതൽ പതറിയ കോൺഗ്രസ് ഭാവിനടപടി ചർച്ചചെയ്യാൻ ഇന്ന് പ്രവർത്തകസമിതി ചേരും. വൈകീട്ട് നാലിനാണ് യോഗം. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ രാജിസന്നദ്ധത അറിയിക്കുമെന്നാണ് സൂചന. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി തന്നെ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വാർത്ത കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല നിഷേധിച്ചു.
പതിവുപോലെ പ്രവർത്തകസമിതി അംഗങ്ങൾ വിയോജിക്കുകയും പൂർണ വിശ്വാസമർപ്പിക്കുകയും ചെയ്യുമെങ്കിലും നിലപാടിൽ ഉറച്ചുനിൽക്കാനാണ് ശ്രമം. പാർട്ടിയധ്യക്ഷനെ നിശ്ചയിക്കുന്നതടക്കമുള്ള പാർട്ടി തെരഞ്ഞെടുപ്പു നടപടികൾ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നടക്കുന്ന പ്രവർത്തകസമിതി നേരത്തേയാക്കിയേക്കും. സെപ്റ്റംബർ വരെയാണ് ഇതിന് സാവകാശം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇനി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നാണ് പുതിയ കാഴ്ചപ്പാട്.
പാർട്ടിയിൽ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട തിരുത്തൽവാദി നേതാക്കൾ ഗുലാംനബി ആസാദിന്റെ വസതിയിൽ കഴിഞ്ഞദിവസം യോഗംചേർന്ന് നേതൃത്വത്തിനുനേരെ ആയുധം കൂർപ്പിച്ചതിനു പിന്നാലെയാണ് പ്രവർത്തകസമിതി വിളിക്കാനുള്ള തീരുമാനം. തിരുത്തൽവാദികളെ നേരിട്ട് നെഹ്റുകുടുംബത്തിന് താങ്ങായി പല നേതാക്കളും ഇതിനകം രംഗത്തുവന്നിട്ടുണ്ട്.
രാഹുൽ ഗാന്ധി പിൻസീറ്റ് ഡ്രൈവിങ് നടത്താതെ നേരിട്ട് ചുമതലകൾ ഏറ്റെടുക്കുകയോ മാറിനിൽക്കുകയോ വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹായിയാക്കി സംഘടന ചുമതല നൽകിയിരിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ പടപ്പുറപ്പാടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.