ഇത് കോൺഗ്രസിന്റെ പരാജയം; ജനങ്ങളുടെതല്ല, തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്തണം -മമത ബാനർജി
text_fieldsകൊൽക്കത്ത: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പരാജയപ്പെട്ടത് കോൺഗ്രസ് ആണെന്നും ജനങ്ങളല്ലെന്നുമായിരുന്നു മമതയുടെ പ്രതികരണം. ''തെലങ്കാനയിൽ കോൺഗ്രസ് വിജയിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും അവർക്ക് വിജയിക്കാൻ സാധിക്കുമായിരുന്നു. ഇന്ധ്യ പാർട്ടികൾ ചില വോട്ടുകൾ ഇല്ലാതാക്കി. അതാണ് സത്യം. സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ച് അന്നേ ഞങ്ങൾ ചർച്ച ചെയ്തതാണ്. വോട്ടുകൾ വിഭജിച്ചുപോയതിനെ തുടർന്നാണ് അവർ പരാജയപ്പെട്ടത്.''-മമത പറഞ്ഞു.
ആശയമുണ്ടായിട്ടു മാത്രം കാര്യമല്ല, തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രവും കൂടി വേണം. സീറ്റ് വിഭജിക്കുന്ന രീതിയിൽ ഒരു സമ്പ്രദായമുണ്ടായാൽ 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കില്ലെന്നും മമത വിലയിരുത്തി. പ്രതിപക്ഷ പാർട്ടികൾ തെറ്റുകൾ തിരുത്തി ഒന്നിച്ചു നിന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ കാര്യമുണ്ടാകും. എന്നാൽ തെറ്റുകൾ തിരിച്ചറിയാൻ നമുക്ക് സാധിക്കണം.-മമത പറഞ്ഞു.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. 40 അംഗ മിസോറം നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. തെലങ്കാനയിലെ വിജയം മാത്രമേ ആശ്വസിക്കാനുള്ളൂ.
നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ധ്യ സഖ്യത്തിലെ പാർട്ടികളും കോൺഗ്രസും വെവ്വേറെയാണ് മത്സരിച്ചത്. ഇങ്ങനെ മത്സരിച്ചാൽ വോട്ടുകൾ വിഭജിച്ചുപോകുമെന്നും ബി.ജെ.പിക്ക് നേട്ടമാകുമെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷ പാർട്ടികളെ അവഗണിച്ച കോൺഗ്രസിന് സ്വന്തം നിലക്ക് മത്സരിച്ച് വിജയിക്കാൻ സാധിക്കില്ലെന്ന് തെളിഞ്ഞതായി ജനത ദാൾ യുനൈറ്റഡ് നേതാവ് കെ.സി. ത്യാഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.