ഗോവ: കൂറുമാറ്റനീക്കം പൊളിഞ്ഞു; 10 കോൺഗ്രസ് എം.എൽ.എമാർ യോഗത്തിൽ
text_fieldsപനജി: ഗോവയിൽ സ്വന്തം എം.എൽ.എമാരുടെ കൂറുമാറ്റം ചടുല നീക്കത്തിലൂടെ കോൺഗ്രസ് പൊളിച്ചു. 40 അംഗ ഗോവ നിയമസഭയിൽ 11 എം.എൽ.എമാരാണ് കോൺഗ്രസിനുള്ളത്. ഇതിൽ എട്ടു പേർ കൂറുമാറിയാലേ കൂറുമാറ്റനിരോധന നിയമം ബാധകമാകാതിരിക്കൂ.
അതിനുള്ള ബി.ജെ.പി നീക്കമാണ് കോൺഗ്രസിന് തൽക്കാലത്തേക്ക് തടയാനായത്. മൈക്കേൽ ലോബോ, മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂറുമാറ്റ നീക്കം. എന്നാൽ, കൂറുമാറ്റത്തിന് വേണ്ട മൂന്നിൽ രണ്ട് അംഗങ്ങളെ അവർക്ക് സംഘടിപ്പിക്കാനായില്ല. വിമതർക്ക് താക്കീതെന്നോണം പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മൈക്കേൽ ലോബോയെ കോൺഗ്രസ് നീക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 11 കോൺഗ്രസ് എം.എൽ.എമാരിൽ മൈക്കിൾ ലോബോ ഉൾപ്പെടെ പത്തു പേരും പങ്കെടുത്തു. രണ്ടു മണിക്കൂറിലധികം നീണ്ട യോഗത്തിന് മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് എത്തിയില്ല. കോൺഗ്രസ് ഗോവ ഡെസ്ക് ഇൻചാർജ് ദിനേശ് ഗുണ്ടു റാവു, പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് പട്കർ എന്നിവരും യോഗത്തിനെത്തി. ചിലർ വിള്ളലുണ്ടാക്കാൻ ശ്രമിച്ചെന്നും അത് നിയമസഭാംഗങ്ങൾ ഇല്ലാതാക്കിയെന്നും വാസ്നിക് അവകാശപ്പെട്ടു.
സഭയിൽ സജീവമായി പ്രവർത്തിക്കാനും തീരദേശത്ത് പാർട്ടിയെ ശക്തിപ്പെടുത്താനും എം.എൽ.എമാരുമായി ചർച്ച നടത്തിയതായി യോഗത്തിൽ അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ കാമത്തും ലോബോയും ഉൾപ്പെടെ അഞ്ച് കോൺഗ്രസ് എം.എൽ.എമാർ അജ്ഞാതകേന്ദ്രത്തിലായിരുന്നു. എന്നാൽ, തിങ്കളാഴ്ച ഗോവ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പങ്കെടുത്ത് തങ്ങൾ പാർട്ടിക്കൊപ്പമാണെന്ന് അവകാശപ്പെട്ടു.ലോബോയും കാമത്തും ബി.ജെ.പിയുമായി ഗൂഢാലോചന നടത്തി പിളർപ്പുണ്ടാക്കാൻ നീക്കം നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. ഞായറാഴ്ച റാവു വിളിച്ച വാർത്തസമ്മേളനത്തിൽ ചില കോൺഗ്രസ് എം.എൽ.എമാർ പങ്കെടുക്കാത്തതിനെ തുടർന്ന് പട്കർ തിങ്കളാഴ്ച സ്പീക്കർ രമേഷ് തവാദ്കറിന് കാമത്തിനും ലോബോക്കുമെതിരെ അയോഗ്യത ഹരജി നൽകിയിരുന്നു. അയോഗ്യത വരുമെന്ന ഭീതിയാണ് എം.എൽ.എമാരെ പിന്തിരിപ്പിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.
അയോഗ്യതാ ഹരജി പിൻവലിക്കുന്ന കാര്യത്തിൽ കോൺഗ്രസ് സസ്പെൻസ് നിലനിർത്തിയിരിക്കുകയാണ്. അതിനിടെ, ഗോവ കോൺഗ്രസിലെ കലാപവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെട്ടു. നിയമസഭ സമ്മേളനത്തിന് എത്തിയ അദ്ദേഹം കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.