ഇന്ത്യൻസേന 70,000 കോടി രൂപയുടെ ആയുധങ്ങൾ കൂടി വാങ്ങുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് 70,000 കോടി രൂപയുടെ ആയുധങ്ങളും ഹെലികോപ്ടറുകളും വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. നാവികസേനക്കായി 60 യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ, മറൈൻ, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, കരസേനക്കായി 307 എ.ടി.എ.ജി.എസ് ഹോവിറ്റ്‌സർ, 9 എ.എൽ.എച്ച് ധ്രുവ് ഹെലികോപ്ടറുകൾ എന്നിവ ഇതിൽ ഉൾപ്പെടും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കൗൺസിൽ യോഗം നിർദേശങ്ങൾക്ക് അംഗീകാരം നൽകി.
ഇന്ത്യൻ നാവികസേനയ്ക്ക് എച്ച്.എ.എല്ലിൽ നിന്ന് 32,000 കോടി രൂപയുടെ 60 യു.എച്ച് മറൈൻ ഹെലികോപ്ടറുകൾ വാങ്ങുന്നതും കരാറിൽ ഉൾപ്പെടുമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്തത് ഇന്ത്യയാണെന്ന് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2018 മുതൽ 2022 വരെയുള്ള കാലയളവിലായിരുന്നു ഇത്.
2013-17ലും 2018-2022ലും റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാർ. എന്നാൽ, റഷ്യയുടെ ആയുധ ഇറക്കുമതി അളവ് 2018-2022 കാലയളവിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 64 ശതമാനത്തിൽനിന്ന് 45 ശതമാനമായാണ് റഷ്യയിൽനിന്ന് ഇന്ത്യ ആയുധം വാങ്ങുന്നത് കുറഞ്ഞത്. റഷ്യ കഴിഞ്ഞാൽ ഫ്രാൻസിൽ നിന്നാണ് ഇന്ത്യ കൂടുതൽ ആയുധങ്ങൾ വാങ്ങുന്നത്, 29 ശതമാനം. 11 ശതമാനം അമേരിക്കയിൽനിന്നുമാണ്.
ഈ രാജ്യങ്ങളിൽനിന്നല്ലാതെ കഴിഞ്ഞ അഞ്ചു വർഷ കാലയളവിൽ ഇസ്രായേൽ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നും ഇന്ത്യ ആയുധങ്ങൾ വാങ്ങിയിട്ടുണ്ട്.
പാകിസ്താനുമായും ചൈനയുമായുമുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് ഇന്ത്യ കൂടുതൽ ആയുധങ്ങൾ വാങ്ങിയതെന്നാണ് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.