രാജി സ്വീകരിക്കാൻ വൈകി; മത്സരത്തിനുറച്ച് നിഷ ബാംഗ്രെ
text_fieldsഭോപാൽ: മധ്യപ്രദേശിൽ ഡെപ്യൂട്ടി കലക്ടർ നിഷ ബാംഗ്രെയുടെ രാജി സ്വീകരിക്കുന്നതും കാത്ത് പട്ടികജാതി സംവരണ സീറ്റായ അംല നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ കാത്തിരിക്കുകയായിരുന്നു കോൺഗ്രസ്. ഹൈകോടതി നിശ്ചയിച്ച സമയപരിധി കഴിഞ്ഞും രാജി സ്വീകരിക്കാതിരുന്ന ശിവരാജ് സിങ് ചൗഹാൻ സർക്കാർ അംലയിൽ കോൺഗ്രസ് മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിച്ച ഉടൻ രാജി സ്വീകരിച്ചതായി നിഷയെ അറിയിച്ചു. കോൺഗ്രസ് മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും താൻ മത്സരിക്കുമെന്ന് നിഷ ബാംഗ്രെ വ്യക്തമാക്കി.
2017 ബാച്ച് സിവിൽ സർവിസ് ഉദ്യോഗസ്ഥയായ നിഷ ബാംഗ്രെയുടെ രാജി സ്വീകരിച്ചില്ലെങ്കിൽ മനോജ് മാൽവെയെയാണ് അംലയിൽ സ്ഥാനാർഥിയാക്കാനിരുന്നത്. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷമാണ് രാജി സ്വീകരിച്ച വിവരം ബി.ജെ.പി സർക്കാർ പുറത്തുവിട്ടത്. പിന്മാറുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന സൂചനയാണ് മാൽവെ നൽകിയത്. എന്നാൽ, താൻ മത്സരിക്കുമെന്നും കമൽനാഥുമായി കൂടിക്കാഴ്ച നടത്തുമെന്നും നിഷ വ്യക്തമാക്കി. അന്തർദേശീയ സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകാത്തതിനെ തുടർന്നാണ് നിഷ ബാംഗ്രെ സിവിൽ സർവിസിൽനിന്ന് രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.