സി.എ.ജിക്കും മോദി സർക്കാറിൻെറ കൂച്ചുവിലങ്ങോ ? നിർണായക റിപ്പോർട്ട് ഇനിയും സമർപ്പിച്ചില്ല
text_fieldsന്യൂഡൽഹി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ സി.എ.ജിയുടെ പ്രവർത്തനത്തിൽ വൻ വീഴ്ചകളുണ്ടായെന്ന് ദ വയറിൻെറ റിപ്പോർട്ട്. ബജറ്റ് സമ്മേളനത്തിനിടെ കേന്ദ്രസർക്കാറിൻെറ ധനകാര്യ ഓഡിറ്റ് റിപ്പോർട്ട് സി.എ.ജി സഭയിൽ വെച്ചില്ല. ഇതിന് പുറമേ സി.എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ടുകളുടെ എണ്ണത്തിലും കഴിഞ്ഞ കുറേ വർഷങ്ങളായി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏജൻസിയുടെ പ്രവർത്തനങ്ങളെ ആരോ നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്ന സംശയമാണ് ഇത് ഉയർത്തുന്നത്.
ബജറ്റ് സമ്മേളനത്തിനിടെ രണ്ട് റിപ്പോർട്ടുകളാണ് സി.എ.ജി സഭയിൽ വെച്ചത്. പ്രതിരോധ മേഖല, കസ്റ്റംസ് എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു ഇത്. ഈ രണ്ട് റിപ്പോർട്ടുകളും 2019ൽ തന്നെ സി.എ.ജി പുറത്ത് വിട്ടിരുന്നു. സാധാരണയായി ബജറ്റ് സമ്മേളനത്തിനിടെയാണ് കേന്ദ്രസർക്കാറിൻെറ ധനകാര്യ അക്കൗണ്ടുകളെ കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത്. എന്നാൽ, ഈ വർഷം 2020 മാർച്ച് 23ന് ബജറ്റ് സമ്മേളനം അവസാനിക്കുന്നത് വരെ ഇത് സഭാ മുമ്പാകെ സമർപ്പിച്ചില്ല.
കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ തയാറാക്കുന്നതിൽ വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സി.എ.ജിയിലെ ഒരു ഉദ്യോഗസ്ഥൻ ദ വയറിനോട് പ്രതികരിച്ചു. ഇക്കാലയളവിൽ സി.എ.ജി തയാറാക്കുന്ന റിപ്പോർട്ടുകളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 2018-19 വർഷത്തിൽ 73 ഓഡിറ്റ് റിപ്പോർട്ടുകളാണ് സി.എ.ജി സമർപ്പിച്ചത്. ഇതിൽ 15 എണ്ണം കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ടതും 58 എണ്ണം സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതുമാണ്. 2017-18 വർഷത്തിൽ 98 റിപ്പോർട്ടുകൾ തയാറാക്കിയ സ്ഥാനത്താണ് ഇതിൻെറ എണ്ണം കഴിഞ്ഞ വർഷം 73 ആയി ചുരുങ്ങിയത്.
വിനോദ് റായ് തലപ്പത്തിരുന്നപ്പോഴാണ് സി.എ.ജി മികച്ച പ്രവർത്തനം കാഴ്ചവെച്ചത്. യു.പി.എ ഭരണകാലത്ത് 221 ഓഡിറ്റ് റിപ്പോർട്ടുകൾ വരെ സി.എ.ജി തയാറാക്കിയിരുന്നു. എന്നാൽ, നരേന്ദ്ര മോദി സർക്കാറിൻെറ രണ്ടാം വരവിൽ സി.എ.ജിയുടെ പ്രവർത്തനത്തിന് മങ്ങലേറ്റുവെന്നതിൻെറ സൂചനകളാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.