കാവി ഇല്ലാതാക്കൽ: കർണാടകയിലെ പാഠപുസ്തകങ്ങളിൽ 18 മാറ്റങ്ങൾ
text_fieldsബംഗളൂരു: കാവിവത്കരണത്തിന്റെ ഭാഗമായി ബി.ജെ.പി സർക്കാർ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ഭാഗങ്ങൾ പിൻവലിക്കാൻ കർണാടകയിലെ കോൺഗ്രസ് സർക്കാർ നടപടി തുടങ്ങി. കഴിഞ്ഞ ദിവസം മന്ത്രിസഭ ഈ തീരുമാനത്തിന് അംഗീകാരം നൽകിയതിനെ തുടർന്നാണിത്.
ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ സാമൂഹിക ശാസ്ത്രം, കന്നട പുസ്തകങ്ങളിൽ 18 മാറ്റങ്ങൾ വരുത്താനാണ് തീരുമാനമായത്. ഇതുസംബന്ധിച്ച പട്ടിക കർണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റി പുറത്തിറക്കി. ആർ.എസ്.എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാറിനെ കുറിച്ചുള്ള ‘ആരാണ് മാതൃകാപുരുഷൻ’ എന്ന പാഠം പൂർണമായും ഒഴിവാക്കി. ഇതിന് പകരമായി കന്നട പാഠപുസ്തകത്തിൽ ശിവകോട്ടാചാര്യ സ്വാമി എഴുതിയ ‘സുകുമാരസ്വാമിയുടെ കഥ’ എന്ന പാഠം ഉൾപ്പെടുത്തി.
ഹിന്ദുത്വ ആചാര്യൻ വി.ഡി. സവർക്കറെ കുറിച്ചുള്ള കവിതയും നീക്കിയിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മകൾ ഇന്ദിരക്ക് അയച്ച കത്തിനെ സംബന്ധിച്ചുള്ള പാഠഭാഗം എട്ടാം ക്ലാസിലെ സാമൂഹികശാസ്ത്രം പുസ്തകത്തിൽ പുതുതായി ഉൾപ്പെടുത്തി.
വേദസംസ്കാരം, പുതിയ മതങ്ങളുടെ ആവിർഭാവം, മനുഷ്യാവകാശങ്ങൾ തുടങ്ങിയ പാഠങ്ങൾ ആറാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിൽ പുതുതായി ഉൾപ്പെടുത്തി. മാറ്റംവരുത്തിയ മറ്റ് ഭാഗങ്ങൾ 15 പേജുകളുള്ള ഉപപാഠപുസ്തകമാക്കിയാണ് വിദ്യാർഥികൾക്ക് വിതരണം ചെയ്യുക. കുട്ടികളുടെ കൈകളിലുള്ള പുസ്തകങ്ങളിലെ മറ്റ് വിവാദ ഭാഗങ്ങൾ പഠിപ്പിക്കരുതെന്ന് അധ്യാപകർക്ക് നിർദേശം നൽകും.
തിരുത്തൽ വരുത്താൻ കോൺഗ്രസ് സർക്കാർ രൂപവത്കരിച്ച അഞ്ചംഗ വിദഗ്ധ സമിതി 45 മാറ്റങ്ങളാണ് നിർദേശിച്ചത്. സാമൂഹിക പരിഷ്കർത്താവ് സാവിത്രിബായ് ഫൂലെയെ സംബന്ധിച്ച പാഠം, ഡോ. ബി.ആർ. അംബേദ്കറെ പറ്റിയുള്ള കവിത എന്നിവയും പുതുതായി ഉൾപ്പെടുത്തുന്നുണ്ട്.
മുൻ ബി.ജെ.പി സർക്കാർ നടപ്പാക്കിയ വിവാദമായ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ തീരുമാനിച്ച മന്ത്രിസഭായോഗത്തിലാണ് പുസ്തകങ്ങളിൽ മാറ്റം വരുത്താനും തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.