ഡൽഹിയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ
text_fieldsന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് രോഗ നിരക്ക് വർധിച്ചതിനാൽ ഡൽഹിയിൽ രാത്രി 10 മുതൽ രാവിലെ അഞ്ച് വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഇന്ന് മുതൽ ഏപ്രിൽ 30 വരെയാണ് കർഫ്യൂ. കഴിഞ്ഞ മാസം മുതൽ തലസ്ഥാന നഗരിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ കടുത്ത നടപടിയിലേക്ക് കടന്നത്.
ഡൽഹിയിൽ കോവിഡിന്‍റെ നാലാം തരംഗമാണ് അനുഭവപ്പെടുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പറഞ്ഞു. എന്നാൽ ഇതുവരെ ലോക് ഡൗണൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. സാഹചര്യങ്ങൾ വിലയിരുത്തിയും ജനങ്ങളുമായി ചർച്ച ചെയ്തും മാത്രമേ ലോക് ഡൗൺ ഏർപ്പെടുത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഡൽഹിയിൽ 3,548 പുതിയ കേസുകളും 15 മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
അവശ്യ യാത്രകൾക്ക് രാത്രിയിൽ നിരോധനം ഏർപ്പെടുത്തില്ല. കോവിഡ് വാക്സിനേഷനുവേണ്ടി യാത്ര ചെയ്യുന്നവർക്ക് ഇ പാസ് അനുവദിക്കും. റേഷൻ, പലചരക്കുസാധനങ്ങൾ, പച്ചക്കറി, പാൽ, മരുന്ന് എന്നിവയുമായി യാത്ര ചെയ്യുന്നവർക്കും ഇ പാസ് അനുവദിക്കും. ഇലക്ട്രോണിക്, പ്രിന്‍റ് മീഡിയ ജേണലിസ്റ്റുകൾക്കും ഇ പാസ് അനുവദിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്ക് അവരുടെ ഐ.ഡി കാർഡുകളുമായി യാത്ര ചെയ്യാം. ചികിത്സ ആവശ്യമുള്ളവർക്കും ഗർഭിണികൾക്കും നിയമങ്ങളിൽ ഇളവ് അനുവദിക്കുന്നതാണ്.
ജനങ്ങളുടെ പോക്കുവരവ് നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് കർഫ്യൂ ഏർപ്പെടുത്തുന്നത്. ചരക്കുകൾക്ക് ഇത് ബാധകമല്ലെന്നും സർക്കാർ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു.
മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാജ്യത്ത് ഒരു ലക്ഷം പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തിരുന്നു.
മഹാരാഷ്ട്രയിൽ ആഴ്ചയുടെ അവസാനദിവസങ്ങളിലും രാത്രി എട്ട് മണി മുതൽ രാവിലെ ഏഴുമണി വരെയുമാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനിൽ രാത്രി എട്ടുമണി മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.