ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ നടത്തി ഡൽഹി എയിംസിലെ ഡോക്ടർമാർ
text_fieldsന്യൂഡൽഹി: അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞിന്റെ ഹൃദയത്തിൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ഡൽഹി എയിംസ്. 28 വയസ്സുള്ള ഗർഭിണിയായ യുവതിയെ മൂന്ന് തവണ ഗർഭം അലസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ ഹൃദയാവസ്ഥയെക്കുറിച്ച് ഡോക്ടർമാർ ആശയവിനിമയം നടത്തിയാണ് ഗർഭാവസ്ഥയിൽ തന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ഇതിന് യുവതിയും കുടുംബവും സമ്മതം നൽകുകയായിരുന്നു. നിലവിലെ ഗർഭം തുടരാൻ മാതാപിതാക്കൾ ആഗ്രഹിച്ചു.
തുടർന്ന് എയിംസിലെ കാർഡിയോതൊറാസിക് സയൻസസ് സെന്ററിൽ വച്ചായിരുന്നു നടപടിക്രമങ്ങൾ. ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളുടെയും ഫെറ്റൽ മെഡിസിൻ വിദഗ്ധരുടെയും സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. എയിംസിലെ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തോടൊപ്പം കാർഡിയോളജി ആൻഡ് കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരുടെ സംഘവും ഒപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം അമ്മയും ഗർഭസ്ത ശിശുവും സുഖമായിരിക്കുന്നു.
ഡോക്ടർമാരുടെ സംഘം വളർച്ച നിരീക്ഷിച്ചുവരികയാണ്. ‘‘കുഞ്ഞ് അമ്മയുടെ വയറ്റിൽ ആയിരിക്കുമ്പോൾ തന്നെ ചില തരത്തിലുള്ള ഗുരുതരമായ ഹൃദ്രോഗങ്ങൾ കണ്ടുപിടിക്കാൻ കഴിയും. ചിലപ്പോൾ, ഗർഭപാത്രത്തിൽ ചികിത്സിക്കുന്നത്, ജനനത്തിനു ശേഷമുള്ള കുഞ്ഞിന്റെ രോഗാവസ്ഥ മെച്ചപ്പെടുത്താനും സാധാരണ വളർച്ചയിലേക്ക് നയിക്കുകയും സഹായിക്കും’’ -എയിംസ് ഡോക്ടർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.