ഡൽഹി എയിംസിന്‍റെ സെർവർ ഹാക്കിങ്; ഏഴാം ദിവസവും പൂർണസ്ഥിതിയിലായില്ല
text_fieldsന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ സയൻസിന്‍റെ (എയിംസ്) സർവർ ഹാക്ക് ചെയ്ത് ഏഴ് ദിവസം പിന്നിട്ടിട്ടും പൂർണ സ്ഥിതിയിലാക്കാൻ അധികൃതർക്കായില്ല. ആശുപത്രിയുടെ ഒ.പി ,ഐ.പി, എമർജൻസി വിഭാഗങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയിരുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ ജീവനക്കാർ നേരിട്ടു ചെയ്യുകയാണ്.
മുൻ പ്രധാനമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ജസ്റ്റിസുമാർ തുടങ്ങിയ വി.ഐ.പികളുടേത് ഉൾപ്പെടെ നാല് കോടിയോളം രോഗികളുടെ വിവരങ്ങൾ ഉൾപ്പെടുന്ന സർവറാണ് ഹാക്ക് ചെയ്തത്.
കോവിഷീൽഡ്, കോവാക്സിൻ തുടങ്ങിയവയുടെ ട്രയൽ വിവരങ്ങൾ, ആരോഗ്യ സുരക്ഷ പഠനങ്ങൾ, എച്ച്.ഐ.വി ബാധിച്ചവരുടെ വിവരങ്ങൾ, പീഡനക്കേസുകളിലെ ഇരകളുടെ വൈദ്യപരിശോധന ഫലങ്ങൾ തുടങ്ങിയവ ഇതിൽപെടും.
വിവരങ്ങളിലേക്ക് നുഴഞ്ഞുകയറി പണം ആവശ്യപ്പെടുന്ന റാൻസം വെയർ ആക്രമണമാണെന്ന് വ്യക്തമായതോടെ വ്യാഴാഴ്ച ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സർവർ ഹാക്ക് ചെയ്ത സംഘം 200 കോടി ക്രിപ്റ്റോ കറൻസി ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ഡൽഹി പൊലീസ് നിഷേധിച്ചു. ചൈനീസ്, ഉത്തര കൊറിയൻ ഹാക്കർമാരാണ് പിന്നിലെന്നാണ് സംശയം.
സർവർ പുനഃസ്ഥാപിക്കാനാവാത്തതിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തുവന്നു. ഒരാഴ്ചയായിട്ടും സർവർ പുനഃസ്ഥാപിക്കാനായിട്ടില്ലെങ്കിൽ എന്ത് ഡിജിറ്റൽ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു.
ഇന്ന് എയിംസ്, നാളെ മറ്റ് തന്ത്രപ്രധാന മേഖലകളും ആക്രമിക്കപ്പെട്ടേക്കും. എത്ര ദുർബലമാണ് നമ്മുടെ സംവിധാനങ്ങളെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.