പുകമഞ്ഞിൽ വീർപ്പുമുട്ടി ഡൽഹി; പിടിച്ചെടുത്തത് 2,234 വാഹനങ്ങൾ
text_fieldsന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ കനത്ത പുകമഞ്ഞ്. രാജ്യതലസ്ഥാനത്ത് ദിവസങ്ങളായി വായു ഗുണനിലവാര സൂചിക ആശങ്കാജനകമായ തോതിൽ ഉയരുകയാണ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സി.പി.സി.ബി) റിപ്പോർട്ടനുസരിച്ച് എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) നഗരത്തിലെ ഭൂരിഭാഗം സ്റ്റേഷനുകളിലും 400ന് മുകളിലാണ്. ഞായറാഴ്ച നഗരത്തിൽ മിക്കയിടത്തും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ കാഴ്ചാ പരിധി 800 മീറ്ററായി കുറഞ്ഞതോടെ 107 വിമാനങ്ങള് വൈകി. മൂന്ന് വിമാനങ്ങളുടെ സർവിസ് റദ്ദാക്കി.
ഡൽഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിൽ 23 ഇടങ്ങളിലും ഗുരുതരമായ എ.ക്യു.ഐ രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ വായുഗുണനിലവാരം അനുഭവപ്പെട്ട അശോക് വിഹാറിൽ എ.ക്യു.ഐ 476 ആണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. വസീർപൂർ, ഷാദിപൂർ മേഖലകളിൽ 468, ആനന്ദ് വിഹാർ, പഞ്ചാബി ബാഗ്, നെഹ്റുനഗർ എന്നിവിടങ്ങളിൽ യഥാക്രമം 466, 457, 453 എന്നിങ്ങനെയാണ് എ.ക്യു.ഐ. കഴിഞ്ഞദിവസം എയർ ക്വാളിറ്റി മാനേജ്മെൻറ് കമീഷൻ നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
എ.ക്യു.ഐ പൂജ്യം മുതൽ 50 വരെയാണ് മികച്ച വായു ഗുണനിലവാരം. 50-100 വരെ ഉചിതം, 100-200 മോശം അവസ്ഥ, 200-300 അപകടകരമായ അവസ്ഥ, 300-400 രൂക്ഷം, 400ന് മുകളിൽ അതിഗുരുതരം എന്നിങ്ങനെയാണ് വിലയിരുത്തുന്നത്. വായുമലിനീകരണം രൂക്ഷമായതോടെ ആരോഗ്യപ്രശ്നങ്ങളുമായി നിരവധി പേരാണ് ചികിത്സ തേടുന്നത്. തൊണ്ടവേദനയും കണ്ണെരിച്ചിലുമാണ് വ്യാപകമായ ലക്ഷണങ്ങൾ. പ്രായമായവരിലും കുട്ടികളിലും ശ്വാസകോശ അസുഖങ്ങളും റിപ്പോർട്ട് ചെയ്യുന്നതായി ആശുപത്രി അധികൃതർ പറയുന്നു.
പിടിച്ചെടുത്തത് 2,234 വാഹനങ്ങൾ
വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ 10 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പിടിച്ചെടുത്ത് ഡൽഹി ഗതാഗതവകുപ്പ്. ഒക്ടോബർ ഒന്ന് മുതൽ നവംബർ 15 വരെ 2,234 വാഹനങ്ങളാണ് പിടിച്ചെടുത്തത്. 10 വർഷത്തിലധികം പഴക്കമുള്ള 260 ഡീസൽ നാലുചക്രവാഹനങ്ങളും 1,156 പെട്രോൾ ഇരുചക്ര വാഹനങ്ങളും 818 പെട്രോൾ മൂന്ന്, നാല് ചക്ര വാഹനങ്ങളും ഉൾപ്പെടെയാണ് പിടിച്ചെടുത്തത്.
ഡൽഹി ഹൈകോടതി ഉത്തരവ് പ്രകാരം കാലാവധി കഴിഞ്ഞ വാഹനങ്ങൾ കൈകാര്യം ചെയ്യൽ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ അംഗീകൃത വാഹന പൊളിക്കൽ കേന്ദ്രങ്ങൾക്ക് (ആർ.വി.എസ്.എഫ്) ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.