ഡൽഹിയിലെ വായു മലിനീകരണം; സംസ്ഥാനങ്ങളുടെ അടിയന്തര യോഗം വിളിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിക്കാൻ കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ നിർദേശം. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളുടെ യോഗമാണ് വിളിക്കേണ്ടത്. വായു മലിനീകരണം കുറക്കാൻ ഫലപ്രദമായ മാർഗങ്ങൾ തേടണമെന്ന് കോടതി നിർദേശിച്ചു.
രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം തടയാൻ ഏതൊക്കെ വ്യവസായങ്ങൾ, വാഹനങ്ങൾ, വൈദ്യുത നിലയങ്ങൾ എന്നിവ തൽകാലം നിർത്തലാക്കാമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഡൽഹി മലിനീകരണ പ്രതിസന്ധിയെക്കുറിച്ചുള്ള വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി കേന്ദ്രത്തോടും ബന്ധപ്പെട്ട സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. വർക്ക് ഫ്രം ഹോം നയം പുനഃപരിശോധിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഡൽഹിയിലെ മലിനീകരണത്തിന് പ്രധാന കാരണം കർഷകർ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നതല്ലെന്നും ഇത് തലസ്ഥാനത്തെ വൃത്തിഹീനമായ വായുവിന്‍റെ 10 ശതമാനം മാത്രമേ സംഭാവന ചെയ്യുന്നുള്ളൂവെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കരുതെന്ന് ഡൽഹി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വായു മലിനീകരണത്തിന് കാരണമാകുന്ന "പ്രാദേശിക വാതക പുറന്തള്ളൽ നിയന്ത്രിക്കുന്നതിന് സമ്പൂർണ ലോക്ഡൗൺ" പോലുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് ഡൽഹി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. അതേസമയം, ലോക്ഡൗൺ ഡൽഹിയിൽ മാത്രമായി നടപ്പാക്കിയതു കൊണ്ട് കാര്യമില്ലെന്നും അയൽ സംസ്ഥാനങ്ങളിലും പ്രഖ്യാപിക്കണമെന്നും കെജ്രിവാൾ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
മലിനീകരണത്തിന് കാരണമായി വൈക്കോൽ കത്തിക്കൽ മാത്രം സത്യവാങ്മൂലത്തിൽ എടുത്തു കാണിച്ചതിന് സുപ്രീം കോടതി ഡൽഹി സർക്കാറിനെ വിമർശിച്ചു.
വായു ഗുണനിലവാര സൂചിക 342ൽ; വളരെ മോശം, മൂന്നു ദിവസം ഈ നില തുടരും
ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷവായു ഗുണനിലവാരം ശോചനീയ സ്ഥിതിയിൽ. അടുത്ത മൂന്നുദിവസം ഈ അവസ്ഥയിൽ വലിയ മാറ്റം ഉണ്ടാകാനിടയില്ലെന്നാണ് പ്രവചനം. നവംബർ ഒന്നു മുതൽ 15 വരെ ഒാേരാ വർഷവും ഡൽഹിയിലെ വായു ഗുണനിലവാരം ഗണ്യമായി കുറയാറുണ്ട്.
ദീപാവലി ആഘോഷവും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിെല കർഷകർ ൈവക്കോലിന് തീയിടുന്നതുമാണ് ഇതിന് പ്രധാന കാരണം. വൈക്കോലിന് തീയിടുന്നതുവഴിയുള്ള വായു മലിനീകരണം ഇത്തവണ കുറവാണെന്നാണ് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വായു ഗുണനിലവാര സൂചികയായ എ.ക്യൂ.ഐ ഡൽഹിയിൽ 342 ആണ്. ഗാസിയാബാദ്-328, ഗ്രേറ്റർ നോയിഡ-340, ഗുരുഗ്രാം-326, നോയിഡ-328 എന്നിങ്ങനെയാണ് സമീപപ്രദേശങ്ങളിലെ സൂചികകൾ. ശനിയാഴ്ചയിലെ 473ൽനിന്നാണ് ഞായറാഴ്ച കുറച്ചുകൂടി മെച്ചപ്പെട്ട 330ലേക്കെത്തിയത്. പൂജ്യത്തിനും 50നും ഇടയിൽവരുന്ന എ.ക്യൂ.ഐയാണ് ഭേദപ്പെട്ട നിലവാരം. 51-100 തൃപ്തികരവും. 301-400 ശോചനീയ സ്ഥിതിയുമാണ്. 401-500 ഗുരുതരവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.