പുകമഞ്ഞില്‍ ശ്വാസം മുട്ടി ഡല്‍ഹി
text_fieldsന്യൂഡല്‍ഹി: ശൈത്യത്തിലേക്ക് കടന്ന ഡല്‍ഹി പുകയും പൊടിയും മഞ്ഞും കലര്‍ന്ന അന്തരീക്ഷത്തില്‍ ശ്വാസം മുട്ടുന്നു. രണ്ടു പതിറ്റാണ്ടിനിടയില്‍ കാണാത്തവിധം അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നതായി ബോധ്യപ്പെട്ട അധികൃതര്‍ പ്രതിവിധി കാണാന്‍ കഴിയാതെ വിഷമിക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അടിയന്തരയോഗം വിളിച്ചു.
ദീപാവലി ആഘോഷം കഴിഞ്ഞതോടെയാണ് വായു മലിനമായി ഡല്‍ഹിക്ക് കൂടുതല്‍ ശ്വാസം മുട്ടി തുടങ്ങിയത്. പടക്കം പൊട്ടിച്ചതിന്‍െറ പുകയും ഒപ്പം ശീതകാല മഞ്ഞും ചേര്‍ന്നതായിരുന്നു അവസ്ഥ. എന്നാല്‍, അതിനെക്കാള്‍ രൂക്ഷമായി പുകമഞ്ഞില്‍ മുങ്ങിനില്‍ക്കുകയാണ് ഇപ്പോള്‍ ഡല്‍ഹി. പഞ്ചാബിലും ഹരിയാനയിലും കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കച്ചിയും കുറ്റിയും കത്തിക്കുന്നതിന്‍െറ പുക അടിച്ചുകയറുകയാണ്. നല്ളൊരു മഴ കിട്ടാതെ പ്രശ്നം പരിഹരിക്കുക എളുപ്പമല്ല.
ശനിയാഴ്ച ഡല്‍ഹിയില്‍ വെയില്‍ അനുഭവപ്പെട്ടില്ല. അലര്‍ജിയില്‍ തുമ്മിയും ചീറ്റിയും ശ്വാസം മുട്ടല്‍ അനുഭവിച്ചും പ്രയാസപ്പെടുകയാണ് ജനം. ചില സ്കൂളുകള്‍ അടച്ചു. മറ്റുള്ളവ വിദ്യാര്‍ഥികള്‍ കഴിവതും ക്ളാസിനുള്ളില്‍തന്നെ കഴിയണമെന്ന് നിര്‍ദേശിച്ചു. അന്തരീക്ഷ മലിനീകരണത്തിന്‍െറ തോത് സര്‍ക്കാര്‍ ചട്ടങ്ങളില്‍ പറയുന്നതിനെക്കാള്‍ 12 ഇരട്ടിയാണ്. ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന മാനദണ്ഡം വെച്ച് നോക്കിയാല്‍ 70 മടങ്ങ് അധികം.
അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മലിനീകരണം പ്രധാന വിഷയമാണെന്നിരിക്കെ, പ്രശ്നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഗ്യാസ് ചേംബറിന് സമാനമായ സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദീര്‍ഘകാലത്തേക്ക് സ്കൂളുകള്‍ അടച്ചിടാന്‍ കഴിയില്ല. കച്ചിയും കുറ്റിയും കത്തിക്കുന്നത് കര്‍ഷകര്‍ ഉടനടി അവസാനിപ്പിക്കാതെ പറ്റില്ല. നിലമൊരുക്കുന്നതിന്‍െറ പരമ്പരാഗതരീതി മാറ്റാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രം ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.