ഉത്സവപ്പുലരിയിൽ പുകമഞ്ഞ് പുതച്ച് ഡൽഹി
text_fieldsന്യൂഡൽഹി: കനത്ത പുകമഞ്ഞിൽ പൊതിഞ്ഞ ആകാശത്തിലേക്കാണ് വ്യാഴാഴ്ച ഡൽഹിക്കാർ ഉണർന്നത്. ദീപാവലി ദിവസം പുലർച്ചെ ഡൽഹിയിൽ എല്ലായിടത്തും വായു വളരെ മോശം അവസ്ഥയിൽ എത്തിയെന്നും നഗരത്തിനുമേൽ പുകമഞ്ഞിന്റെ കട്ടിയുള്ള പാളി കാണപ്പെട്ടുവെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. നഗരത്തിലുടനീളം വായു ‘വളരെ മോശം’ വിഭാഗത്തിലാണെന്ന് മുപ്പത്തിയെട്ട് മോണിറ്ററിംഗ് സ്റ്റേഷനുകൾ കാണിച്ചു. രാവിലെ 9 മണിക്ക് ശരാശരി വായു ഗുണനിലവാര സൂചിക 330ലെത്തി. ബുധനാഴ്ചത്തെ ഇത് 307 ആയിരുന്നു. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ച് വൈകുന്നേരത്തോടെ കൂടുതൽ മോശമായേക്കുമെന്നും റിപ്പോർട്ട് പറയുന്നു.
പൂജ്യത്തിനും 50 നും ഇടയിലുള്ളത് നല്ലത്, 51-100 തൃപ്‌തികരം, 101-200 മിതമായത്, 201-300 മോശം, 301-400 വളരെ മോശം, 401-450 ഗുരുതരം എന്നിങ്ങനെ വായു ഗുണനിലവാര സൂചികയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഈ വർഷം ഡൽഹിയുടെ അന്തരീക്ഷ മലിനീകരണ തോത് അധികരിച്ചതായാണ് സൂചിക കാണിക്കുന്നത്. 2023ൽ ഡൽഹി നിവാസികൾ തെളിഞ്ഞ ആകാശവും സമൃദ്ധമായ സൂര്യപ്രകാശവും ആസ്വദിച്ചിരുന്നു. അന്നത്തെ ഡേറ്റ പ്രകാരം രാവിലെ വായുവിന്റെ ഗുണനിലവാരം 202 ആയിരുന്നു. കഴിഞ്ഞ വർഷം ദീപാവലിക്ക് മുമ്പുള്ള വിളവെടുപ്പ് കുറഞ്ഞതും മഴയും അനുകൂലമായ കാലാവസ്ഥാ സാഹചര്യങ്ങളും ഉത്സവത്തിനുശേഷം ദേശീയ തലസ്ഥാനത്തെ ഗ്യാസ് ചേംബറായി മാറ്റുന്നതിൽനിന്ന് തടഞ്ഞു.
ഇത്തവണ മലിനീകരത്തിന്റെ കാഠിന്യം ലഘൂകരിക്കാൻ പടക്കങ്ങളുടെ നിർമാണം, സംഭരണം, വിൽപന, ഉപയോഗം എന്നിവക്ക് സമഗ്രമായ നിരോധനം ഈ മാസം ആദ്യം ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാജ്യതലസ്ഥാനത്തുടനീളം പടക്ക നിരോധനം നടപ്പാക്കാൻ 377 ടീമുകളെ രൂപീകരിച്ചതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ബുധനാഴ്ച അറിയിക്കുകയുണ്ടായി. ബോധവൽക്കരണത്തിനായി റസിഡന്‍റ് വെൽഫെയർ അസോസിയേഷനുകൾ, മാർക്കറ്റ് അസോസിയേഷനുകൾ, സാമൂഹിക സംഘടനകൾ എന്നിവരുമായി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പടക്കം പൊട്ടിക്കുന്നത് തടയാൻ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പടക്കം പൊട്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. സർക്കാർ ഉത്തരവുകൾ ലംഘിച്ചതിന് ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തേക്കുമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികൂലമായ കാലാവസ്ഥാ സാഹചര്യങ്ങൾ, വാഹനങ്ങളിൽനിന്നുള്ള പുറന്തള്ളൽ, വൈക്കോൽ കത്തിക്കൽ, പടക്കങ്ങൾ, മറ്റ് പ്രാദേശിക മലിനീകരണ സ്രോതസ്സുകൾ എന്നിവയെല്ലാം ചേർന്ന് ശൈത്യകാലത്ത് ഡൽഹി അപകടകരമായ വായു നിലവാരം ഉയർത്തുന്നു. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ അവലോകനം അനുസരിച്ച് പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നത് വർധിക്കുന്ന നവംബർ 1 മുതൽ 15 വരെ നഗരത്തിൽ ഏറ്റവും ഉയർന്ന മലിനീകരണം അനുഭവപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.