ഗുജറാത്തിൽ എ.എ.പിയുടെ വമ്പൻ റോഡ്ഷോ: നേതൃത്വം നൽകി കെജ്‌രിവാളും ഭഗവന്ത് മാനും
text_fieldsഗാന്ധിനഗർ: പഞ്ചാബിൽ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ ഗുജറാത്ത് പിടിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി. ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകരിൽ ആവേശം പകർന്ന് എ.എ.പി ദേശീയ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അഹമ്മദാബാദിൽ റോഡ് ഷോക്ക് നേതൃത്വം നൽകി.
"ഡൽഹിയും പഞ്ചാബും പിടിച്ചെടുത്തു. ഇനി ഗുജറാത്ത് പിടിക്കാനുള്ള ഒരുക്കത്തിലാണ്." മാൻ പ്രതികരിച്ചു.
റോഡ്ഷോക്ക് മുന്നോടിയായി സബർമതി ആശ്രമം സന്ദർശിച്ച ഇരു നേതാക്കളും മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ഗാന്ധി ജനിച്ച രാജ്യത്ത് ജനിക്കാൻ സാധിച്ചത് തന്‍റെ ഭാഗ്യമാണെന്ന് സബർമതി ആശ്രമത്തിലെ സന്ദർശക ഡയറിയിൽ കെജ്‌രിവാൾ എഴുതിച്ചേർത്തു.
"ഈ ആശ്രമം ഒരു ആത്മീയ സ്ഥലമാണ്. ഗാന്ധിയുടെ ആത്മാവ് ഇവിടെ കുടികൊള്ളുന്നു. ഇവിടെ വരുന്നത് ആത്മീയാനുഭൂതി നൽകുന്നു. ഗാന്ധിജി ജനിച്ച നാട്ടിൽ ജനിച്ചതിൽ ഞാൻ അനുഗ്രഹീതനാണ്." കെജ്‌രിവാൾ സന്ദർശക ഡയറിയിൽ കുറിച്ചു.
ഈ വർഷം അവസാനം ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരുക്കങ്ങളെല്ലാം എ.എ.പി സംസ്ഥാനത്ത് തുടങ്ങി കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് ഇന്ന് നടന്ന റാലിയുടെ ലക്ഷ്യം.
കഴിഞ്ഞ മാസം പഞ്ചാബിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 92 സീറ്റുകൾ നേടിയാണ് എ.എ.പി അധികാരം പിടിച്ചെടുത്തത്. കോൺഗ്രസിനെ പരാജയപ്പെടുത്തി നേടിയ മിന്നും വിജയത്തിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലേക്കും പാർട്ടി പ്രവർത്തനം ശക്തമാക്കുന്നതിന് വേണ്ടി മെമ്പർഷിപ് കാമ്പയിൻ ഉൾപ്പടെയുള്ള പദ്ധതികൾക്ക് പാർട്ടി തുടക്കം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.