പീഡനക്കേസിലെ പ്രതി പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു
text_fieldsന്യൂഡൽഹി: യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു. വടക്കൻ ഡൽഹിയിലെ മജ്നു കാ തില്ല മേഖലയിലാണ് സംഭവം. രാഹുൽ എന്നയാളാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11.15 ഓടെ 40 കാരിയായ സ്ത്രീ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലെത്തി തന്നോട് മെട്രോ സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോ ഡ്രൈവർ മോശമായി പെരുമാറിയെന്ന് പരാതി പറഞ്ഞു.
യുവതി ഇലക്ട്രിക് ഓട്ടോ ഓടിച്ച് ജീവിക്കുന്നയാളാണ്. മെട്രോസ്റ്റേഷനു പുറത്ത് യാത്രക്കാരെ കാത്തിരിക്കുമ്പോൾ ഓട്ടോ ഡ്രൈവറായ രാഹുൽ തന്നെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. തുടർന്ന് സ്റ്റേഷനിൽ നിന്ന് കോൺസ്റ്റബിൾമാരായ രാകേഷ്, പ്രേം, നരേഷ് എന്നിവർ വിധാൻ സഭ മെട്രോസ്റ്റേഷനിലെത്തി.
ആ സമയം ഓട്ടോ ഡ്രൈവർ രാഹുൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. പൊലീസ് ഇയാളോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. സ്റ്റേഷനിൽ രാഹുൽ ഓട്ടോറിക്ഷ നിർത്തയപ്പോൾ തന്നെ പരാതിക്കാരി ക്ഷുഭിതയാകാൻ തുടങ്ങി. പൊലീസുകാർ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അതിനിടെ രാഹുൽ സ്റ്റേഷനിൽ നിന്ന് ഓടിപ്പോയി. ഓടുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.
രാഹുലിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുൾപ്പെടെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ അജ്ഞാത വാഹനത്തിന്റെ ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യക്കും കേസെടുത്തിട്ടുണ്ട്. വാഹനത്തെയും ഉടമയെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം, രാഹുലിന്റെ മരണ വിവരം വീട്ടുകാരെ അറിയച്ചപ്പോൾ ബന്ധുക്കൾ എത്തി മണിക്കൂറുകൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. രാഹുലിനെതിരെ പരാതി നൽകിയ സ്ത്രീയെ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. ഞായറാഴ്ചയും രാഹുലിന്റെ കുടുംബം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. രാഹുലിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. നിലവിൽ സഹാചര്യങ്ങൾ നിയന്ത്രണത്തിലാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.