കർഷക മാർച്ചിനു മുന്നോടിയായി ഡൽഹിയിൽ വലിയ സമ്മേളനങ്ങൾക്ക് വിലക്ക്
text_fieldsന്യൂഡൽഹി: കർഷക മാർച്ചിനു മുന്നോടിയായി മാർച്ച് 12 വരെ ഡൽഹിയിൽ വലിയ സമ്മേളനങ്ങൾ വിലക്കി. ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ തലസ്ഥാനത്തേക്കുള്ള റാലികളും ട്രാക്ടറുകളുടെ പ്രവേശനവും നിരോധിച്ചിട്ടുണ്ട്. ഗതാഗതവും വഴിതിരിച്ചു വിട്ടിട്ടുണ്ട്. അതോടൊപ്പം വെടിയുണ്ടകളും കത്തുന്ന വസ്തുക്കളും ഇഷ്ടികയും കല്ലും പോലുള്ള വസ്തുക്കൾ ശേഖരിക്കുന്നതിനും നിരോധനമുണ്ട്. ഉച്ചഭാഷിണികൾക്കും നിരോധനമുണ്ട്.
കർഷക മാർച്ചിന് മുന്നോടിയായി ഹരിയാനയിലെയും ഡൽഹിയിലെയും അതിർത്തിയിൽ കോൺക്രീറ്റ് ബ്ലോക്കുകളും റോഡ് സ്പൈക്ക് ബാരിയറുകളും മുള്ളുവേലികളും സ്ഥാപിച്ച് വാഹനങ്ങളുടെ പ്രവേശനം തടയുകയും ആയിരക്കണക്കിന് പോലീസുകാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ട് ഹരിയാന സർക്കാരും ഉത്തരവിറക്കി. ഫെബ്രുവരി 13 ന് കർഷകർ ഡൽഹിയിലേക്ക് നടത്താനിരുന്ന മാർച്ച് തടയാൻ അംബാല, ജിന്ദ്, ഫത്തേഹാബാദ് ജില്ലകളിലെ പലയിടത്തും കോൺക്രീറ്റ് ബ്ലോക്കുകൾ, റോഡ് സ്പൈക്ക് ബാരിയറുകൾ, മുള്ളുവേലികൾ എന്നിവ ഉപയോഗിച്ച് ഹരിയാനയുടെ പഞ്ചാബുമായുള്ള അതിർത്തി അധികൃതർ അടച്ചു.
അംബാലയിലെ സെക്ടർ 10 ലെ രാജീവ് ഗാന്ധി സ്‌പോർട്‌സ് സ്റ്റേഡിയം താൽക്കാലിക തടങ്കൽ കേന്ദ്രമായി പ്രഖ്യാപിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.വിളകൾക്ക് മിനിമം താങ്ങുവില (എം.എസ്.പി) ഉറപ്പാക്കാൻ നിയമം കൊണ്ടുവരുന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിൽ 200ലധികം കർഷക സംഘടനകൾ ചൊവ്വാഴ്ച ‘ഡൽഹി ചലോ’ മാർച്ച് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.