യമുനയിൽ മുങ്ങിയ ഡൽഹി ബി.ജെ.പി അധ്യക്ഷൻ ആശുപത്രിയിൽ; നാടകമെന്ന് ആം ആദ്മി
text_fieldsന്യൂഡൽഹി: യമുനാ നദിയിൽ മുങ്ങിയ ഡൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹത്ത് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ ചികിത്സ തേടിയത്.
വ്യാഴാഴ്ചയാണ് യമുന നദി മലിനീകരണത്തിലും ഡൽഹി സർക്കാറിന്‍റെ അഴിമതിയിലും പ്രതിഷേധിച്ച് വീരേന്ദ്ര സച്ദേവ ഡൽഹി ഐ.ടി.ഒക്ക് സമീപം നദിയിൽ മുങ്ങിയത്. ദേഹത്ത് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടതിന് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യമുന നദി മലിനീകരണം തടയുന്നതിൽ വലിയ അനാസ്ഥയാണ് എ.എ.പി സർക്കാർ കാട്ടുന്നതെന്ന് ബി.ജെ.പി ആരോപിക്കുന്നു.
അതേസമയം, ബി.ജെ.പി നാടകം കളിക്കുകയാണെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായി ആരോപിച്ചു. മലിനീകരണം നാടകം കളിച്ചത് കൊണ്ട് ഇല്ലാതാക്കാനാവില്ലെന്നാണ് ബി.ജെ.പിയോട് പറയാനുള്ളത്. അതിന് എല്ലാവരുടെ ഭാഗത്തുനിന്നുമുള്ള യോജിച്ച നടപടികളാണ് വേണ്ടത്. എല്ലാ സർക്കാറുകളും ജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ചാലേ യമുനയിലെ മലിനീകരണം ഇല്ലാതാക്കാനാകൂ -അദ്ദേഹം പറഞ്ഞു.
ഏതാനും മാസങ്ങൾക്കകം ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ യമുന മലിനീകരണം പ്രധാന ചർച്ചയായേക്കും. യമുന ശുചീകരണ പദ്ധതികൾക്കായി വകയിരുത്തിയ 8500 കോടി ആപ്പ് സർക്കാർ ദുരുപയോഗം ചെയ്തുവെന്നാണ് ബി.ജെ.പി ആരോപണം. എന്നാൽ, യമുനയിലേക്ക് മലിനമായ വെള്ളം തുറന്നുവിടുന്ന ഹരിയാനയിലെയും യു.പിയിലെയും ബി.ജെ.പി സർക്കാറുകളെയാണ് ആപ്പ് കുറ്റപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.