ആപിനെതിരെ പ്രതിഷേധിച്ച് യമുനയിൽ മുങ്ങി; ചൊറിഞ്ഞു വലഞ്ഞ് ബി.ജെ.പി നേതാവ് വീരേന്ദ്ര സച്ദേവ്
text_fieldsന്യൂഡൽഹി: യമുന നദി വൃത്തിയാക്കുന്നതിൽ ആപ് സർക്കാറിന് വീഴ്ച പറ്റിയെന്നാരോപിച്ച് പ്രതിഷേധ സൂചകമായി യമുനയിലെ മലിനമായ വെള്ളത്തിൽ മുങ്ങിയ ഡൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്ദേവക്ക് ത്വക്കിൽ ചൊറിച്ചിൽ. വേറിട്ട പ്രതിഷേധം നടത്തി ശ്രദ്ധപിടിച്ചുപറ്റി മണിക്കൂറുകൾക്കുപിന്നാലെ വീരേന്ദ്രക്ക് തൊലിപ്പുറമെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടേണ്ടിവന്നു.
മുങ്ങിക്കുളിച്ചതിനുശേഷം ചുവന്ന തിണർപ്പ്, ചൊറിച്ചിൽ, ശ്വസിക്കാൻ നേരിയ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടതായും അധ്യക്ഷനെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിച്ചതായും ഡൽഹി ബി.ജെ.പിയുടെ ട്വീറ്റ് ചെയ്തു. ത്വക്ക് രോഗ വിദഗ്ധൻ മരുന്നുകൾ നിർദേശിച്ചിട്ടുണ്ടെന്ന് കാണിച്ച് ഗവൺമെന്‍റ് ആശുപത്രിയിൽ നിന്നുള്ള കുറിപ്പടിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ദേഹമാസകലം ചൊറിച്ചിൽ ഉണ്ടെന്നും മൂന്നു ദിവസത്തേക്ക് ഉപയോഗിക്കാൻ ഗുളികയും ഒരു ലോഷനും നിർദ്ദേശിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. ‘വെള്ളത്തോടുള്ള സമ്പർക്കം’ ഇതിനു കാരണമായി ഡോക്ടർ പരാമർശിക്കുകയും ചില പരിശോധനകൾ നിർദേശിക്കുകയും ചെയ്തു.
നദിയിലെ മലിനീകരണം തടയുന്നതിൽ പരാജയപ്പെട്ടന്നാരോപിച്ചാണ് ആപ് സർക്കാറിനെതിരെ വീരേന്ദ്ര വ്യാഴാഴ്ച ഐ.ടി.ഒ ഘട്ടിലെത്തി പ്രതിഷേധിച്ചത്. നദി വൃത്തിയാക്കാൻ കേന്ദ്രം അനുവദിച്ച 8500 കോടി രൂപ ആപ് സർക്കാർ കൊള്ളയടിച്ചെന്ന് ആരോപിച്ച് യമുനയിൽ മുങ്ങിയ വീരേന്ദ്ര ഡൽഹി സർക്കാറിന്റെ അഴിമതിക്ക് മാപ്പും ചോദിച്ചു. എന്നാല്‍, വീരേന്ദ്രയുടെ ഈ പ്രവര്‍ത്തി മലിനീകരണ തോത് ഉയരുന്നത് പോലെ ബി.ജെ.പിയുടെ നാടകവും ശക്തിപ്പെടുത്തുകയാണെന്ന് ആപ് നേതാവും ഡല്‍ഹി പരിസ്ഥിതി മന്ത്രിയുമായ ഗോപാല്‍ റായ് പ്രതികരിച്ചു. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലേയും യു.പിയിലെയും സര്‍ക്കാരുകളാണ് വ്യവസായശാലകളിലെ മലിന ജലം ഒഴുക്കി വിട്ട് നദി മലിനമാക്കുന്നതെന്നും ഗോപാല്‍ റായ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.