ഉത്തർപ്രദേശിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് ബി.ജെ.പി ആറു മണിക്കൂർ നീണ്ട യോഗം ചേർന്നു
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഭാരതീയ ജനതാ പാർട്ടി കോർകമ്മിറ്റി നിർണായക യോഗം ചേർന്നു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷമുള്ള ചർച്ചകൾക്കായി ബുധനാഴ്ച ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ചേർന്ന യോഗം ആറു മണിക്കൂർ നീണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അന്തിമ മന്ത്രിസഭാലിസ്റ്റ് നിർണയിക്കുന്ന യോഗത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, നിയുക്ത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, യുപി ബി.ജെ.പി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, യു.പി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ തുടങ്ങിയവർ പങ്കെടുത്തു. ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള 36 സ്ഥാനാർത്ഥികളുടെ പേരുകളും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്ന പ്രമുഖരുടെ പേരുകളും യോഗത്തിൽ ചർച്ച ചെയ്തു.
ഹോളിക്ക് ശേഷമാണ് സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നത്. ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞടുപ്പിൽ 403 മണ്ഡലങ്ങളിൽ 255 എണ്ണത്തിൽ വിജയിച്ച് 41.29 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി അധികാരം നിലനിർത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ 37 വർഷത്തിനിടെ മുഴുവൻ കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.